സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരി പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ വര്‍മയുടെ നിരീക്ഷണം. കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. 2024 ഒക്ടോബര്‍ 15ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് യുവാവ് ചോദ്യം ചെയ്തത്.
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ബലഹീനതയുണ്ടെന്നും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും ഭാര്യ ആരോപിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നും 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ കുടുംബകോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സഹോദരി ഭര്‍ത്താവുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.