ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖര്‍. ഇത് സംബന്ധിച്ച് രാജ്യസഭാ നേതാവ് ജെ പി നന്ദയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നാണ് കോടികള്‍ കണ്ടെത്തിയത്.
സംഭവം നടന്നത് ഉടനടി പുറത്തുവന്നില്ല എന്നതാണ് തന്നെ അലട്ടുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന്റെ കാര്യത്തിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സുതാര്യവും ഉത്തരവാദിത്വമുള്ളതും ഫലപ്രദവുമായ ഒരു പ്രതികരണം ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭാ നേതാവുമായും പ്രതിപക്ഷ നേതാവുമായും താന്‍ ബന്ധപ്പെടുകയും അവരുടെ സമ്മതത്തിന് വിധേയമായി സെക്ഷനില്‍ ഒരു ഘടനാപരമായ ചര്‍ച്ചയ്ക്കുള്ള ഒരു സംവിധാനം കണ്ടെത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.