14 വര്‍ഷത്തിന് ശേഷം അവന്‍ വീണ്ടും! തീയേറ്ററുകളെ പിടിച്ച് കുലുക്കാന്‍ പൃഥ്വിരാജ്

Aparna Shaji
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (14:46 IST)
അമല്‍ നീരദ് ചിത്രങ്ങള്‍ക്ക് എക്കാലത്തും വന്‍ സ്വീകാര്യതയാണുള്ളത്. കാലം തെറ്റി ഇറങ്ങുന്ന സിനിമ എന്ന് അമല്‍ നീരദിന്റെ ചിത്രങ്ങള്‍ക്ക് പൊതുവെ ഒരു പേരുണ്ട്. ബിഗ് ബി അടക്കമുള്ള ചില സിനിമകള്‍ റിലീസിന് ശേഷം കള്‍ട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നവയാണ്. അക്കൂട്ടത്തില്‍ റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധ നേടാന്‍ പറ്റാതെ പോയ അമല്‍ നീരദ് ചിത്രമാണ് അന്‍വര്‍. 
 
അമല്‍ നീരദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ 'അന്‍വര്‍' ഇപ്പോഴിതാ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ഡോള്‍ബി അറ്റ്മോസ് ഫോര്‍ കെ സാങ്കേതിക വിദ്യയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വീണ്ടും എത്തുന്നത്. ഒക്ടോബര്‍ 18ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ആഘോഷമാക്കുവാന്‍ ആണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
 
സെലിബ്സ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിച്ച ചിത്രവും അതിലെ പൃഥ്വിരാജിന്റെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. സിനിമയേക്കാള്‍ അന്ന് ഹിറ്റായത് 'ഖല്‍ബിലെ തീ' എന്ന ഗാനമായിരുന്നു. അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗ് തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത. തിരക്കഥാകൃത്ത് ഉണ്ണി ആറിനൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article