രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രിയില്‍ തുടരുന്നു

Aparna Shaji

ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (08:59 IST)
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. ഇന്നലെ (സെപ്റ്റംബര്‍ 30) വൈകുന്നേരമാണ് രജനിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിട്ടേക്കും. 
 
നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാര്‍ഡിയോളജിസ്റ്റ് ഡോ.സായ് സതീഷിന്റെ മേല്‍നോട്ടത്തില്‍ ആണ് എലക്ടീവ് പ്രൊസീജിയര്‍ നടക്കുക. ഡോക്ടര്‍മാരുടെ ഒരു സംഘം താരത്തെ നിരീക്ഷിച്ചു വരികയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
നേരത്തെ രജനികാന്ത് ഇതേ ആശുപത്രിയില്‍ സ്ഥിരമായി ആരോഗ്യ പരിശോധന നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2021ല്‍, രജനികാന്ത് കരോട്ടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ പ്രക്രിയയ്ക്ക് വിധേയനായതായി ചെന്നൈയിലെ കാവേരി ആശുപത്രി ഉദ്ധരിച്ച് പ്രസ്താവനയില്‍ പറഞ്ഞു.
 
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 'ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എന്റെ സുഹൃത്ത് മിസ്റ്റര്‍ രജനികാന്ത് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.
 
രജനികാന്തിന്റെ ആശുപത്രിവാസം അദ്ദേഹത്തിന്റെ കടുത്ത ആരാധകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ 'വേട്ടയ്യന്‍' ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് താരത്തിന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍