സോഫയില്‍ തളര്‍ന്നിരുന്നു, ഫാനിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞു; പുനീതിന്റെ അച്ഛന്‍ രാജ്കുമാര്‍ മരിച്ചതും ഇങ്ങനെ

Webdunia
ശനി, 30 ഒക്‌ടോബര്‍ 2021 (10:00 IST)
Rajkumar and Puneeth Rajkumar

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പുനീതിന്റെ അച്ഛനും പ്രശസ്ത സിനിമാ താരവുമായ ഡോ.രാജ്കുമാര്‍ അന്തരിച്ചതും പുനീതിന് സമാനമായ രീതിയിലാണ്. ഹൃദയസംബന്ധമായ പ്രശ്‌നം തന്നെയായിരുന്നു രാജ്കുമാറിന്റെ മരണത്തിനും കാരണം. 
 
2006 ഏപ്രില്‍ 12 ഉച്ചയ്ക്ക് 2.05 നാണ് രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ചത്. 77-ാം ജന്മദിനം ആഘോഷിക്കാന്‍ 12 ദിവസം ശേഷിക്കെയായിരുന്നു രാജ്കുമാറിന്റെ മരണം. 
 
അന്ന് രാവിലെ വീടിന് സമീപമുള്ള റോഡിലൂടെ പതിവ് നടത്തം കഴിഞ്ഞ് എത്തിയതാണ് രാജ്കുമാര്‍. രാവിലെ 11.30 ന് പതിവ് വൈദ്യ പരിശോധനയ്ക്ക് രാജ്കുമാര്‍ വിധേയനാകുകയും ചെയ്തു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം രാജ്കുമാറിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറായി. രാജ്കുമാര്‍ സോഫയില്‍ തളര്‍ന്നിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്ന് ഫാനിനിന്റെ സ്പീഡ് കുറയ്ക്കാന്‍ രാജ്കുമാര്‍ ആവശ്യപ്പെട്ടു. ആരോഗ്യനില മോശമാകുന്നത് കണ്ട് രാജ്കുമാറിന്റെ പേഴ്‌സണല്‍ ഫിസിഷ്യന്‍ ഡോ.രമണ റാവുവിനെ വിളിച്ചുവരുത്തി. കാര്‍ഡിയാക് മസാജും സിപിആറും നല്‍കിയെങ്കിലും ആരോഗ്യനില മോശമായി തുടര്‍ന്നു. ഉടനെ എം.എസ്.രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. 

പുനീതിന്റെ മരണവും ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. ഓരോ മിനിറ്റുകള്‍ കഴിയുംതോറും ആരോഗ്യനില കൂടുതല്‍ മോശമാകുകയായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ പുനീത് രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ചു. 
 
വ്യാഴാഴ്ച രാത്രി മുഴുവന്‍ പുനീതിന് നെഞ്ചില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി നെഞ്ചില്‍ അസ്വസ്ഥതകള്‍ തോന്നിയത് സൈലന്റ് അറ്റാക്കിന്റെ തുടക്കമായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാത്രി ആരോഗ്യപരമായ അസ്വസ്ഥതകള്‍ തോന്നിയെങ്കിലും പുനീത് അത് കാര്യമായി എടുത്തില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article