സമീപകാലത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലുണ്ടായ അനിഷ്ട സംഭവങ്ങളെ സമൂഹം അഡ്രസ് ചെയ്യുന്നത് ഉപരിവിപ്ലവമായ കണ്ണിലൂടെയാണ്. ഏതെങ്കിലും ഒരു കുറ്റിയില്‍ കൊണ്ടുകെട്ടി അതുമാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് സ്ഥാപിച്ചെടുക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. അതിലൊന്നാണ് കുട്ടികളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ചര്‍ച്ചകള്‍. ഒരു ജനറേഷനെ മുഴുവന്‍ 'പ്രശ്നക്കാരായി' ചിത്രീകരിക്കുമ്പോള്‍ അവിടെ ആരോഗ്യകരമായ തിരുത്തലുകള്‍ക്ക് പകരം സംഭവിക്കുന്നത് നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകുകയാണ്. കൂടുതല്‍ അഗ്രസീവായി കുട്ടികള്‍ക്കിടയില്‍ ഇടപെടാന്‍ നോക്കുമ്പോള്‍ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സകല സാധ്യതകളും ഇല്ലാതാക്കുന്നു.
കുട്ടികളില്‍ ഇത്രയും അരാജകത്വവും അക്രമവാസനയും ഉണ്ടാക്കുന്നതില്‍ നമ്മുടെ സിസ്റ്റത്തിനും ബാധ്യതയുണ്ട്. പാരന്റിങ്, ടീച്ചിങ് മുതലുള്ള കെയര്‍ ഗിവേഴ്‌സിനു അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. നമ്മള്‍ കൈ വയ്‌ക്കേണ്ടതും പണിയെടുത്ത് തിരുത്തേണ്ടതും വേരില്‍ നിന്നാണ്, അല്ലാതെ പുറമേ മരുന്നടിച്ചതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല..!
മാറുന്ന ലോകക്രമം
കേവലം കേരളത്തില്‍ മാത്രമല്ല കുട്ടികള്‍ക്കിടയില്‍ ഇത്രയും അരാജകത്വം വര്‍ധിച്ചിരിക്കുന്നത്. ഇതിനെയൊരു ആഗോള പ്രതിഭാസമായി കാണുകയും ചര്‍ച്ച ചെയ്യുകയും അത്യാവശ്യമാണ്. 2024 സെപ്റ്റംബര്‍ അഞ്ചിനാണ് അമേരിക്കയിലെ ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ലോകമനസാക്ഷിയെ ഞെട്ടിക്കുന്നത്. അതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് കേസില്‍ പ്രതിയായത്. പിതാവ് ജന്മദിന സമ്മാനമായി നല്‍കിയ തോക്കും കൊണ്ട് ഈ വിദ്യാര്‍ഥി സ്‌കൂളിലേക്ക് വരികയായിരുന്നു. അതിനു പിന്നാലെ അമേരിക്കയില്‍ മറ്റു ചില സ്‌കൂളുകളിലും ക്ലാസിലേക്ക് വിദ്യാര്‍ഥികള്‍ തോക്ക് കൊണ്ടുവന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്ത് ആകെ നടക്കുന്ന കൊലപാതകങ്ങളില്‍ 40 ശതമാനവും 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ആണെന്ന് ലോകാരോഗ്യ സംഘടന (WHO) 2024 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച 'യൂത്ത് വയലന്‍സ്' എന്ന ലേഖനത്തില്‍ പറയുന്നു. 40 വികസ്വര രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് 42 ശതമാനം ആണ്‍കുട്ടികളും 37 ശതമാനം പെണ്‍കുട്ടികളും ശാരീരികമായ ബുള്ളിയിങ്ങിനു വിധേയരാകുന്നുണ്ടെന്നാണ്. സമപ്രായക്കാരില്‍ നിന്ന് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതും. അതുകൊണ്ട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ക്രിമിനല്‍ വാസന വര്‍ധിക്കുന്നതിനെ ലോകം മുഴുവന്‍ വളരെ ഗൗരവത്തില്‍ കാണുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും വേണം. വിചാരിക്കുന്നതെല്ലാം 'ആക്‌സസബിള്‍' (പ്രാപ്യമായ) ആയ ഒരു ലോകക്രമത്തിന്റെ പരിണിതഫലമായി വേണം ഈ പ്രശ്‌നങ്ങളെ സമീപിക്കാന്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ വസ്തുതകള്‍ പരിഗണിക്കാതെ കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രത്യേക 'പ്രതിഭാസ'മായി ഇതിനെ സമീപിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
അനാരോഗ്യകരമായ മത്സരബുദ്ധി, അപരവത്കരണം
കുട്ടികളില്‍ മുതിര്‍ന്നവര്‍ ഉണ്ടാക്കിയെടുക്കുന്ന അനാരോഗ്യകരമായ മത്സരബുദ്ധിയും അപരവത്കരണത്തിനുള്ള പ്രോത്സാഹനവും വലിയ ആപത്താണ്. എല്‍കെജിയിലും യുകെജിയിലും പഠിക്കുന്ന കുട്ടിയോടു പോലും 'എന്തുകൊണ്ട് അവനേക്കാള്‍/അവളേക്കാള്‍ മാര്‍ക്ക് കുറഞ്ഞു?' എന്നു ചോദിക്കുന്ന മാതാപിതാക്കളെ നേരില്‍ കണ്ടിട്ടുണ്ട്. ഇത് പിന്നീട് കുട്ടികളെ അനാരോഗ്യകരമായ മത്സരബുദ്ധിയിലേക്ക് നയിച്ചേക്കാം. കുട്ടികള്‍ക്കിടയില്‍ മാതാപിതാക്കളും അധ്യാപകരും ഉണ്ടാക്കിയെടുക്കുന്ന അനാരോഗ്യകരമായ മത്സരബുദ്ധിയെ കുറിച്ച് വ്യക്തത ലഭിക്കണമെങ്കില്‍ കേരളത്തില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവങ്ങളിലേക്ക് നോക്കിയാല്‍ മതി. കലോത്സവത്തിലെ ഗ്രേഡ് കുറഞ്ഞു പോയതിന്റെ പേരില്‍ വഴക്ക് പറയുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കഴിവുകളുടെ പേരില്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ കുട്ടികളില്‍ വളര്‍ന്നുവരുന്ന 'മത്സരബുദ്ധി' പിന്നീട് അപരവത്കരണത്തിലേക്കും നയിക്കുമെന്ന് മനസിലാക്കണം.
ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെ പേരില്‍ കുട്ടികളുടെ സൗഹൃദങ്ങളെ പോലും വിലക്കുന്ന മാതാപിതാക്കള്‍ ഈ നാട്ടിലുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കരുതെന്ന് വിലക്കിയിട്ടുള്ള ഒരു വിദ്യാര്‍ഥിനിയുടെ പിതാവിനെ എനിക്ക് അടുത്ത് പരിചയമുണ്ട്. പിതാവിന്റെ സ്വരം കടുപ്പിച്ചുള്ള ശാസനയെ തുടര്‍ന്ന് ഈ പെണ്‍കുട്ടി തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. സോഷ്യല്‍ സ്റ്റാറ്റസിന്റെ അളവുകോല്‍ വെച്ച് 'ആ കുട്ടിയുമായി അധികം അടുപ്പമൊന്നും വേണ്ട' എന്നും 'നമ്മുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല' എന്നും കുട്ടികള്‍ക്കു ഉപദേശം നല്‍കുന്ന അച്ഛനമ്മമാര്‍ ഈ 2025 ലും നമ്മുടെ നാട്ടിലുണ്ട്. സര്‍വ്വാത്മനാ എല്ലാവരെയും സ്വീകരിക്കാനും ചങ്ങാത്തം കൂടാനുമുള്ള കുട്ടികളുടെ സഹജമായ ത്വരയെയാണ് ഇത്തരത്തില്‍ മാതാപിതാക്കള്‍ ഇല്ലാതാക്കുന്നത്.
മാതാപിതാക്കള്‍ 'ബിസി'യാണ്
എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരു കുട്ടിയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ഈ വിഷയത്തെ അഡ്രസ് ചെയ്യാം. ആറ് വയസ്സുള്ള ഈ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ അഡിക്ഷനാണ്. ചോറുണ്ണണമെങ്കിലും ഉറങ്ങണമെങ്കിലും അവന് മൊബൈല്‍ ഫോണ്‍ വേണമെന്നാണ് മാതാപിതാക്കളുടെ പരാതി. അങ്ങനെയിരിക്കെ കുറച്ച് സമയം ഈ കുട്ടിയെ ഞാന്‍ ടേക്ക് കെയര്‍ ചെയ്യാമെന്ന് തീരുമാനിച്ച് മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങി. ഏകദേശം അഞ്ചോ ആറോ മണിക്കൂര്‍ ആ കുട്ടി എനിക്കൊപ്പം ആയിരുന്നു. അന്ന് ക്ലാസില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചാണ് അവനോടു ഞാന്‍ ഇന്ററാക്ട് ചെയ്യാന്‍ തുടങ്ങിയത്. ഓരോ വിശേഷങ്ങളും പറയാന്‍ വലിയ ഉത്സാഹമായിരുന്നു ആ കുട്ടിക്ക്. ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങളെ കുറിച്ചും അവന്റെ സുഹൃത്തുക്കളെ കുറിച്ചുമെല്ലാം സംസാരം നീണ്ടു. വിഷയങ്ങള്‍ മാറുന്നതിനനുസരിച്ച് അവന്റെ സംസാരിക്കാനുള്ള ഉത്സാഹവും വര്‍ധിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് ആ ഭക്ഷണത്തെ കുറിച്ചായിരുന്നു സംസാരം. ഈ സമയത്തൊന്നും അവന്‍ ഫോണിനു വേണ്ടി വാശിപിടിച്ചിട്ടില്ല. സോഷ്യലൈസ് ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കുട്ടി അതിനുള്ള സാധ്യതകള്‍ ലഭിക്കുമ്പോള്‍ വളരെ വൈബ്രന്റും ആക്ടീവും ആകുന്നുണ്ട്. അവന്റെ / അവളുടെ ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിക്കാതെ വരുമ്പോഴാണ് മറ്റു പലതിനെയും ആ കുട്ടിക്ക് ആശ്രയിക്കേണ്ടി വരുന്നത്.
കുട്ടികള്‍ പൊതുവെ സോഷ്യലൈസ് ചെയ്യാന്‍ നന്നായി ആഗ്രഹിക്കുന്നവരാണ്. അവരോടു സംസാരിക്കുമ്പോള്‍ അവരുടെ 'ചെറുപ്പത്തിലേക്ക്' നമ്മള്‍ വളരണം. അവര്‍ അത് നന്നായി ആഗ്രഹിക്കുന്നുണ്ട്. വലിയൊരു ശതമാനം മാതാപിതാക്കളും അതില്‍ പരാജയപ്പെടുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളെ കുറേക്കൂടി ഗൗരവത്തില്‍ എടുക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം. പൊതുവെ മൊബൈല്‍ ഫോണിനോടു അല്‍പ്പം അഡിക്ഷന്‍ ഉള്ളയാളാണ് ഞാന്‍. ഭാവിയില്‍ ഒരു പാരന്റ് ആകുമ്പോള്‍ തീര്‍ച്ചയായും തിരുത്തേണ്ട പോരായ്മകളുടെ കൂട്ടത്തില്‍ ഒന്നാമതായി ഞാന്‍ പരിഗണിക്കുന്നത് ഈ മൊബൈല്‍ ഫോണ്‍ അഡിക്ഷനാണ്. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവരെ ക്ഷമയോടെ കേള്‍ക്കാനും സാധിക്കാത്ത പക്ഷം 'പാരന്റിങ്' എന്ന ഭാരിച്ച ഉത്തരവാദിത്തം നാം ഏറ്റെടുക്കരുത്. മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പോലും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍. ചുറ്റിലും സംഭവിക്കുന്ന കാര്യങ്ങളെ കുട്ടികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്, അതെല്ലാം അവരെ സ്വാധീനിക്കുന്നുണ്ട്. നിരന്തരം വഴക്കിടുന്ന മാതാപിതാക്കള്‍ ആ കുട്ടിയുടെ ഭാവിയെ 'ഇരുളിലേക്ക്' തള്ളിവിടുകയാണ്.
കള്‍ച്ചറല്‍ ട്രാന്‍സിഷന്‍
എല്ലാ കാലത്തും ഒരു കള്‍ച്ചറല്‍ ട്രാന്‍സിഷനു (സാംസ്‌കാരിക പരിവര്‍ത്തനം) നാം വിധേയരാകുന്നുണ്ട്. അതിന്റെ ഭാഗമായി കൂടി വേണം ഈ വിഷയങ്ങളെ സമീപിക്കാന്‍. കുട്ടികള്‍ക്കു മുന്നിലുള്ള സാധ്യതകളുടെ ലോകം വളരെ വലുതാണ്, അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട്. തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും കുട്ടികളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങി എല്ലാ കെയര്‍ ഗിവേഴ്‌സിന്റെയും ഉത്തരവാദിത്തമാണ്.
കുട്ടികളെ ഒറ്റപ്പെട്ട തുരുത്തുകളായി മാറ്റുന്ന ഒരു സംസ്‌കാരത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അവിടെ കുട്ടികളുടെ പിയര്‍ ഗ്രൂപ്പുകളെ നിര്‍വചിക്കുക പ്രയാസകരമാണ്. ചിലപ്പോഴൊക്കെ അങ്ങനെയൊരു പിയര്‍ ഗ്രൂപ്പ് സാധ്യത പോലും കുട്ടികളുടെ മുന്നില്‍ തുറക്കപ്പെടുന്നില്ല. സൊസൈറ്റി കുറേകൂടി ഓപ്പണ്‍ ആയിരുന്ന സമയത്ത് വീട്ടിലെ ബുദ്ധിമുട്ടുകള്‍ ബാലന്‍സ് ചെയ്യാന്‍ ചിലപ്പോള്‍ സ്‌കൂളിലെ സുഹൃത്തുക്കളും അല്ലെങ്കില്‍ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ നാട്ടിലെ സുഹൃത്തുക്കളോ സാംസ്‌കാരിക കൂട്ടായ്മകളോ കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. അത്തരം സാധ്യതകള്‍ ഇന്ന് കുട്ടികള്‍ക്കു മുന്നില്‍ ഇല്ല. സൗഹൃദങ്ങളെ ആഘോഷിക്കാനും കൂട്ടായ്മകളില്‍ അഭിരമിക്കാനുമുള്ള കുട്ടികളുടെ സാധ്യതകളെ പൂര്‍ണമായി ഇല്ലാതാക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് അവരില്‍ ഉണ്ടാകേണ്ട സാമൂഹ്യബോധത്തെ നിര്‍ദാക്ഷിണ്യം ഇല്ലാതാക്കുകയാണ്. അതുവഴി അവരില്‍ അപകടകരമായ മത്സരബുദ്ധി വളര്‍ന്നുവരുന്നു.
കുട്ടികളെ അരാഷ്ട്രീയവാദികളാക്കുന്ന സമൂഹം
സമൂഹം ഇന്നുകാണുന്ന വിധത്തിലേക്ക് പരുവപ്പെട്ടത് രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ്. രാഷ്ട്രീയ ബോധമെന്നാല്‍ കേവലം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് മാത്രമല്ല. മറിച്ച് എനിക്ക് ചുറ്റിലുമുള്ള മനുഷ്യരെ കൂടി ഉള്‍ക്കൊള്ളാനുള്ള സാമൂഹിക ബോധമാണ്. രാഷ്ട്രീയ ബോധമുള്ളവര്‍ക്കാണ് സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക, അപരനെ കൂടി ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു ലോകത്തെ നിര്‍വചിക്കാന്‍ സാധിക്കുക. മുതിര്‍ന്നവരുടെ ഇടപെടലുകള്‍ മൂലം ഈ രാഷ്ട്രീയ ബോധം കുട്ടികളില്‍ നിന്ന് നാമാവശേഷമാകുന്നുണ്ട്. കുട്ടികളെ അരാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും അധ്യാപകരും ഈ സമൂഹത്തോടു ചെയ്യുന്നത് വലിയൊരു ദ്രോഹമാണ്. രാഷ്ട്രീയബോധം ഇല്ലാതാകുന്നതോടെ കുട്ടികളില്‍ സാമൂഹികബോധം നഷ്ടപ്പെടുന്നു, ഇത് അപരവിദ്വേഷത്തിലേക്ക് നയിക്കുന്നു.
മനസിലാക്കണം, കുട്ടികള്‍ വളരെ സെന്‍സിറ്റീവ് ആണ്
കുട്ടികള്‍ വളരെ വൈകാരികമായി ചിന്തിക്കുന്നവരാണ്. മുതിര്‍ന്നവരെ പോലെ വൈകാരിക ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്‍സ്) അവരില്‍ കാണില്ല. അതുകൊണ്ട് കുട്ടികള്‍ക്കു മുന്നില്‍ പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും അതീവ ജാഗ്രത ആവശ്യമാണ്. ഇമോഷണലി വളരെ സെന്‍സിറ്റീവ് ആണെന്നതിനൊപ്പം ചുറ്റിലും സംഭവിക്കുന്ന കാര്യങ്ങളെ അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. മാതാപിതാക്കളും അധ്യാപകരും കെയര്‍ ഗിവേഴ്സും അവരെ സ്വാധീനിക്കും. അതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന പിഴവുകള്‍ക്ക് അവര്‍ മാത്രമല്ല ഉത്തരവാദികളെന്ന് മനസിലാക്കുക. അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്ക് കൂടുന്നത് കാണുന്ന ഒരു കുട്ടി എത്രത്തോളം ആത്മസംഘര്‍ഷത്തിലൂടെയായിരിക്കും കടന്നുപോകുക? അത് ആ കുട്ടിയുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.
ഈ പെര്‍സ്പക്ടീവില്‍ നിന്നുകൊണ്ടായിരിക്കും കുട്ടികളില്‍ സിനിമകളും മൊബൈല്‍ ഗെയ്മുകളും എങ്ങനെയാണ് സ്വാധീനിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍. വൈകാരിക പക്വതയില്ലാത്ത കുട്ടികള്‍ എന്തു കാണുന്നു, എന്ത് കേള്‍ക്കുന്നു, അവയില്‍ നിന്ന് എന്ത് പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നെല്ലാം മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. വയലന്‍സിന്റെ അതിപ്രസരത്തെ തുടര്‍ന്ന എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരു മലയാള സിനിമ ഈയടുത്ത് വലിയ വിജയം നേടിയിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ കണ്ട് തിയറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുന്ന അവസ്ഥ പോലും ഉണ്ടായി. അങ്ങനെയൊരു സിനിമ ഒന്നോ രണ്ടോ വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിനെ മൊബൈലില്‍ കാണിക്കുന്നതും അതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അഭിമാനം കൊള്ളുകയും ചെയ്ത മാതാപിതാക്കളുടെ വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് കേരളം ചര്‍ച്ചയാക്കിയത്. ചുരുങ്ങിയത് ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാകും വരെയെങ്കിലും കുട്ടികള്‍ കാണുന്ന, കേള്‍ക്കുന്ന, ആസ്വദിക്കുന്ന കാര്യങ്ങളെ കൂടുതല്‍ ജാഗ്രതയോടെ വിലയിരുത്തി അവരെ ആരോഗ്യകരമായി നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം.
വേണം അതോറിറ്റേറ്റീവ് പാരന്റിങ്
മാറുന്ന കാലത്തിനനുസരിച്ച് കുട്ടികള്‍ക്കു നല്‍കുന്ന ശിക്ഷണ രീതിയിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫസര്‍ ഡോ. എം ടോം വര്‍ഗീസ് പറയുന്നു. കുട്ടികളുടെ അഭിപ്രായങ്ങള്‍ക്കു വില നല്‍കി, അവരില്‍ ആത്മാഭിമാനം വളര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട പാരന്റിങ് രീതി സമൂഹം അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
' മനശാസ്ത്രപരമായി നോക്കുമ്പോള്‍ മൂന്ന് തരം പാരന്റിങ് ആണ് കാണപ്പെടുന്നത്. ഒന്നാമത്തേത് 'അതോറിറ്റേറിയന്‍ പാരന്റിങ്'. കുറച്ച് പഴയ ചിന്താഗതിയുള്ള ആളുകളുടെ പാരന്റിങ് ആണിത്. 'ഞങ്ങള്‍ അങ്ങോട്ട് പറയുന്നത് കേട്ടാല്‍ മതി, ഇങ്ങോട്ടൊന്നും പറയണ്ട' എന്നൊരു രീതി. അതില്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയില്ല, മാതാപിതാക്കളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എന്തെങ്കിലും തെറ്റുകള്‍ പറ്റിയാല്‍ കുട്ടികളെ അപ്പോള്‍ തന്നെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നൊരു സമ്പ്രദായമാണത്. ആദ്യം അടികൊടുത്തതിനു ശേഷമായിരിക്കും 'എന്താണ് കാര്യം' എന്നു അവര്‍ അന്വേഷിക്കുക. അതാണ് ഒരു ഗ്രൂപ്പ് ഓഫ് പാരന്റിങ്. രണ്ടാമത്തേത് 'പെര്‍മിസീവ് പാരന്റിങ്' രീതിയാണ്. നേരത്തെ പറഞ്ഞ രീതിക്ക് നേരെ എതിരാണ് 'പെര്‍മിസീവ് പാരന്റിങ്'. പൊതുവെ ന്യൂജനറേഷന്‍ പാരന്റ്‌സിലാണ് ഇത് കണ്ടുവരുന്നത്. എല്ലാത്തിനും പൂര്‍ണമായി സ്വാതന്ത്ര്യം നല്‍കുന്ന സമ്പ്രദായമാണിത്. ശരി തെറ്റുകളെ കുറിച്ച് ആലോചിക്കാതെ കുട്ടികള്‍ എന്തുപറഞ്ഞാലും സാധിച്ചു കൊടുക്കുകയാണ് ഇവിടെ. കുട്ടികള്‍ എന്തെങ്കിലും മോശമായി പെരുമാറിയാലോ തെറ്റു ചെയ്താലോ മാതാപിതാക്കള്‍ തിരുത്തില്ല. ഈ രണ്ട് രീതികളും കുട്ടികളുടെ വളര്‍ച്ചയ്ക്കു ഒരുപാട് ദോഷം ചെയ്യും,' ഡോ. ടോം വര്‍ഗീസ് പറഞ്ഞു.
' അതോറിറ്റേറിയന്‍ പാരന്റിങ്ങിന്റെ പ്രശ്‌നം എന്താണെന്നു വച്ചാല്‍ കുട്ടികള്‍ക്ക് സ്വന്തമായി അഭിപ്രായം രൂപപ്പെടുത്താനോ തീരുമാനങ്ങളെടുക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനങ്ങളെടുക്കുന്നവരാകും കുട്ടികള്‍. ഭാവിയെ കുറിച്ച് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തതിനൊപ്പം അവര്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കില്ല. അതോറിറ്റേറിയന്‍ പാരന്റിങ് രീതിയോടു പല കുട്ടികള്‍ക്ക് ഒരു വെറുപ്പും വിദ്വേഷവും തോന്നിയേക്കാം. ആ ഫ്രസ്‌ട്രേഷന്‍ അവര്‍ തീര്‍ക്കുന്നത് എന്തെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ലഹരിയെ ആശ്രയിച്ചുമൊക്കെ ആയിരിക്കാം. പെര്‍മിസീവ് പാരന്റിങ്ങിന്റെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍ മാതാപിതാക്കള്‍ എല്ലാം സാധിച്ചുതരുന്ന സാഹചര്യം ഉള്ളതുകൊണ്ട് ഈ ലോകം മുഴുവന്‍ അങ്ങനെയാണെന്ന് അവര്‍ക്ക് തോന്നും. തങ്ങള്‍ എന്ത് ആഗ്രഹിച്ചാലും അത് സാധ്യമാകുമെന്ന ഒരു തെറ്റായ ആത്മവിശ്വാസത്തിലേക്ക് അവര്‍ എത്തും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. എല്ലാം വാശിപിടിച്ചു നേടാമെന്ന അവരുടെ ധാരണയ്ക്കു കോട്ടം തട്ടുമ്പോള്‍ അത് മാനസികമായി അവരെ തളര്‍ത്തും. അങ്ങനെയുള്ള കുട്ടികളില്‍ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും. പിന്നീട് ആ കുട്ടികള്‍ ഡിപ്രഷനിലേക്കോ ലഹരിക്ക് അടിമകളാകുകയോ ചെയ്‌തേക്കാം. ഈ രണ്ട് പാരന്റിങ് രീതികളുമല്ല ഇപ്പോഴത്തെ ആധുനിക ലോകത്ത് നമുക്ക് ആവശ്യം,'
' അതോറിറ്റേറിയന്‍ പാരന്റിങ്ങിനും പെര്‍മിസീവ് പാരന്റിങ്ങിനും ഇടയില്‍ നില്‍ക്കുന്ന 'അതോറിറ്റേറ്റീവ് പാരന്റിങ്' ആണ് അഭികാമ്യം. നേരത്തെ പറഞ്ഞ രണ്ട് രീതികളുടെയും ഗുണങ്ങള്‍ മാത്രം എടുത്തുകൊണ്ട് പ്രയോഗിക്കുന്ന രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിങ്. ഒരു തെറ്റ് കുട്ടി ചെയ്തു കഴിഞ്ഞാല്‍ ആദ്യമേ തന്നെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ ഒട്ടും ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിനു പകരം ആദ്യം ആ വിഷയത്തെ കുറിച്ച് കുട്ടിയോടു സംസാരിക്കുക. 'എന്തിനാണ് നീ ഇങ്ങനെ ചെയ്തത്?' ' നീ ഇങ്ങനെ ചെയ്യുന്ന ആളല്ലല്ലോ?' എന്നെല്ലാം ചോദിച്ച് കുട്ടിയുടെ പെര്‍സ്പക്ടീവ് മനസിലാക്കുക. കുട്ടിക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം തിരുത്തുകയും ആരോഗ്യകരമായ രീതിയില്‍ എന്തെങ്കിലും ശിക്ഷ കൊടുക്കുകയും ചെയ്യുക. ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് തന്നെ മനസിലാകുകയാണ് വേണ്ടത്. ഒരു കാര്യം നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യിപ്പിക്കുന്നതിനു പകരം കുട്ടികളുമായി അതേകുറിച്ച് സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാനും തയ്യാറാകണം. മാതാപിതാക്കള്‍ മാത്രമല്ല വീട്ടിലെ മുതിര്‍ന്നവരും ഈ രീതിയില്‍ കുട്ടികളെ സമീപിക്കണം. എന്തിനാണ് ഇങ്ങനെയൊരു നിയന്ത്രണം വെച്ചിരിക്കുന്നത്, എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്, ഞാന്‍ ചെയ്ത തെറ്റ് എന്താണ് എന്നെല്ലാം കുട്ടികള്‍ക്കു തന്നെ മനസിലാകുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോള്‍ ആ ശിക്ഷണ രീതി കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കും. കുട്ടികളെ കേള്‍ക്കാനും അവര്‍ക്ക് സ്‌പേസ് നല്‍കാനും തുടങ്ങുമ്പോള്‍ അവരില്‍ ആത്മാഭിമാനം രൂപപ്പെടും. അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ നമ്മള്‍ പഠിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ 'പെട്ടി'ക്കുള്ളില്‍ ജീവിക്കുമ്പോള്‍
കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ച നിയമസഭയില്‍ വന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഏറെ ചിന്തനീയമായിരുന്നു. കുട്ടികള്‍ ഒരു 'പെട്ടി'ക്കുള്ളില്‍ പെട്ട പോലെയാണ് ജീവിക്കുന്നതെന്നും സമൂഹം മുഴുവനായും മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ: ' ഓരോ പെട്ടിയായിട്ടാണ് ഓരോ സ്ഥലം. വീട്ടിലെ മുറി ഒരു പെട്ടി, പിന്നെ സ്‌കൂള്‍ ബസ് ഒരു പെട്ടി, അവിടെ നിന്ന് ഇറങ്ങിയാല്‍ ക്ലാസ് മുറിയെന്ന വേറൊരു പെട്ടി..! ഇത്തരത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് കുട്ടികളുടെ ബാല്യം. സകലം പഠിപ്പിലേക്ക് കേന്ദ്രീകരിക്കുകയാണ്. കുട്ടിയുടെ പ്രായത്തില്‍ കളിക്കണ്ട പ്രായം, കളിച്ചുവളരേണ്ട കാലം അത്തരത്തിലൊന്നും കുട്ടിക്ക് കിട്ടിയിട്ടില്ല. കുട്ടിയെ ചെറുപ്രായത്തില്‍ തന്നെ വല്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള വേവലാതിയും ബേജാറുമൊക്കെയാണ് സമൂഹത്തിനാകെ. ഈയൊരു ചിന്തയുടെ ഭാഗമായി കുട്ടിയുടെ ബാല്യം തന്നെ നഷ്ടപ്പെട്ടു പോകുന്നു, കുട്ടിയുടെ മനസ് തന്നെ ഒരു പ്രത്യേക രൂപത്തില്‍ രൂപപ്പെടുകയാണ്. ഒരുതരം അടഞ്ഞ മനസ്, എല്ലാം പഠിപ്പ് പഠിപ്പ്, പഠിപ്പിനു അപ്പുറം മറ്റൊന്നും ഇല്ല എന്ന മട്ടിലേക്ക് മാറുന്ന കുട്ടി. ഇതാണ് പൊതുവില്‍ കാണാന്‍ കഴിയുക. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുട്ടിയോടൊപ്പം സന്തോഷവും സങ്കടവും പങ്കിടാന്‍ ചില വീടുകളില്‍ ആരുമില്ല. അവിടെ അച്ഛനമ്മമാര്‍ക്കു തന്നെ പരസ്പരം സംസാരിക്കാന്‍ സമയമില്ല. ഓരോരുത്തരും അവരവരുടേതായ സ്വകാര്യ ലോകങ്ങളിലാണ്. ചിലപ്പോള്‍ ടിവി സീരിയല്‍ ആകാം, അല്ലെങ്കില്‍ ഫോണില്‍ അഭിരമിക്കലാകാം. അപ്പോള്‍ കുട്ടിക്ക് വരുന്നത് എന്താ, ഒരുതരം അനാഥാവസ്ഥ..! എങ്ങനെ രക്ഷിതാക്കള്‍ രക്ഷിതാക്കളായി മാറണം, രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വേണ്ടി എന്ത് ചെയ്യണം ആ കാര്യവും ഈ സമൂഹത്തില്‍ വലിയ രീതിയില്‍ ബോധവത്കരണം ആവശ്യമായ കാര്യമാണ്,' മുഖ്യമന്ത്രി പറഞ്ഞു.
( ഈ ലേഖനത്തോടുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കാം: 8111829573, [email protected] )