സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുന്നു, തുടക്കം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ. പറഞ്ഞുവരുന്നത് നടന്‍ ദീപക് പറമ്പോളിനെ കുറിച്ചാണ്. ചെറുതും വലുതുമായി വേഷങ്ങളില്‍ ഇന്നിറങ്ങുന്ന മലയാള സിനിമകളില്‍ ദീപക് ഉണ്ടാകും. ഒടുവില്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിലെ റിയാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റനോട്ടത്തില്‍ ഇത് ദീപക്കാണെന്ന് പലര്‍ക്കും മനസ്സിലായില്ല. ഇപ്പോഴിതാ ആ ലുക്കിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് ദീപക്.
നടന്‍ ദീപക് പറമ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്.
ഒരേ സമയം 2 സിനിമകളുടെ തിരക്ക്. ഒന്ന് ഇന്ന് മമ്മൂട്ടിയുടെ കരിയറിലെ തന്നെ വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ്, രണ്ടാമത്തേത് ഇനി വരാനിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ്. രണ്ട് സിനിമകളുടെയും ഷൂട്ട് നടന്നത് ഏകദേശം ഒരേ സമയത്ത് ആയിരുന്നുവെന്ന് ദീപക് പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു പിരീഡ് സിനിമയാണെന്നും അതിനാല്‍ അതിലെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച് കുറച്ചിരുന്നു.അതേസമയത്ത് തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡും ചെയ്തത്. രണ്ട് സിനിമയിലും ലുക്കില്‍ വ്യത്യാസം ഉണ്ടാക്കാനാണ് കണ്ണൂര്‍ സ്‌ക്വാഡിലെ കഥാപാത്രത്തിന്റെ കണ്ണില്‍ ലെന്‍സ് പിടിപ്പിച്ച് മുടി സ്‌ട്രെയ്റ്റ് ചെയ്തതെന്നും നടന്‍ പറഞ്ഞു.
'സംവിധായകന്റേയും മേക്കപ്പ്മാന്റെയും തീരുമാനമായിരുന്നു അങ്ങനെ ഒരു വ്യത്യാസം വരുത്തുക എന്നുള്ളത്. കാസര്‍കോട് ഭാഗത്തുള്ള മിക്ക പയ്യന്മാരും ലുക്ക് ചേഞ്ച് ഒക്കെ പിടിക്കുന്ന ആളുകളാണെന്നുള്ളത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ പുതിയ ടീഷര്‍ട്ട്‌സും ഫാഷനും ഒക്കെ അവര്‍ ഫോളോ ചെയ്യാറുണ്ട്. അങ്ങനെ ഒരു ലുക്ക് വെച്ചിട്ടാണ് ഈ ഒരു കഥാപാത്രം ചെയ്തത്',-ദീപക് പറമ്പോള്‍ മനോരമയ്ക്ക് നല്‍കിയ ആഭിമുഖത്തിനിടെ പറഞ്ഞു.