ലൈംഗികാരോപണത്തില്‍ അറസ്‌റ്റ് ?; അര്‍ജുനെതിരായ കേസില്‍ കോടതിയുടെ പുതിയ നിര്‍ദേശം

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (12:13 IST)
മലയാളി നടി ശ്രുതി ഹരിഹരന്റെ മീ ടൂ പരാതിയില്‍ തെന്നിന്ത്യൻ താരം അർജുൻ സര്‍ജയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

നവമ്പര്‍ 14ന് അടുത്ത വാദം തുടങ്ങാനിരിക്കെ അറസ്‌റ്റ് ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി പൊലീസ് സംഘത്തിനു നിര്‍ദേശം നല്‍കി.

54, 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് അര്‍ജുനെതിരെ ബാംഗളൂരു കബേൺ പാര്‍ക്ക് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അര്‍ജുന്‍ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതിന്റെ തൊട്ടു പിറകെയാണ് ശ്രുതി പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരൂ സിറ്റി സിവിൽ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

അതേസമയം, അര്‍ജുനുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമയുദ്ധം തുടരുമെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.

അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്‌ത നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറുകയും മാനസികമായി ആക്രമിച്ചുവെന്നുമാണ് മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി ശ്രുതി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്.

റിഹേഴ്‌സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article