Manmohan Singh: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച (നാളെ) സംസ്‌കരിക്കും. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം. ഈ ദിവസങ്ങളില്‍ ദേശീയ പതാക താഴ്ത്തികെട്ടും. ഏഴ് ദിവസം ദുഃഖാചരണം ആയതിനാല്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 26 വ്യാഴാഴ്ച രാത്രിയാണ് മന്‍മോഹന്‍സിങ്ങിന്റെ മരണം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 92 കാരമായ മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി രണ്ട് ടേമുകളില്‍ മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം 1982 മുതല്‍ 1985 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. 1991 മുതല്‍ 1996 വരെയുള്ള കാലത്ത് ധനമന്ത്രിയായിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
അസമില്‍ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്‌സഭയില്‍ അംഗമായിട്ടില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറും കേന്ദ്ര മന്ത്രിയുമായ ആദ്യ പ്രധാനമന്ത്രിയാണ് ഡോ.മന്‍മോഹന്‍സിങ്. സിഖുകാരനായ ആദ്യ പ്രധാനമന്ത്രിയും നെഹ്‌റുവിനു ശേഷം ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയും കൂടിയാണ് മന്‍മോഹന്‍ സിങ്.