ചായ വിറ്റ് നടന്നാൽ മതിയായിരുന്നുവെന്ന് തോന്നുന്നുണ്ടോ? - മോദിയോട് ചിമ്പു

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:34 IST)
സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടീനടന്മാർ അല്ല ഇപ്പോഴുള്ളത്. പൊതുസമൂഹത്തിൽ നമുക്കുമൊരു കടമയുണ്ടെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കും ഉണ്ട്. ചെന്നൈ വെള്ളപ്പൊക്കവും കേരളത്തിലെ പ്രളയവും എല്ലാം അതിനുദാഹരണം. ഈ സമയത്താണ് എല്ലാവരും നാടിന് വേണ്ടി പ്രവർത്തിച്ചത്.
 
അതോടൊപ്പം, താരങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടും കാഴ്ചപ്പാടുകളുമുണ്ട്. അത് സമയവും സന്ദർഭവും നോക്കി അവർ പ്രകടിപ്പിക്കുന്നുമുണ്ട്. പ്രകാശ് രാജ്, കമൽഹാസൻ, രജനികാന്ത്, വിശാൽ എന്നിവർ  അഭിനയത്തിലുപരി തങ്ങളുടെ രാഷ്ട്രീയ നിലാപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവരാണ്. 
 
തങ്ങളുടെ നിലപാടുകൾ ആരുടേയും മുന്നിൽ തുറന്നടിക്കാനും ഇവർക്ക് ഒരു മടിയുമില്ല. അത്തരമൊരു സംഭവമാണ് അടുത്തിടെ ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് നടൻ ചിമ്പു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
 
ഒരു അഭിമുഖത്തിനിടയിലായിരുന്നു ചിമ്പു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പരാമർശിച്ചത്. ഇന്നത്തെ ഒരു രാഷ്ട്രീയ അവസ്ഥയിൽ മോദിയെ കണ്ടാൽ എന്ത് ചോദിക്കും എന്ന ചോദ്യത്തിന് ‘ചായ വിറ്റ് തന്നെ നടന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ സാർ‘ എന്ന് ചിമ്പു മറുപടി നൽകി.
 
സിനിമ വികടൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു മുൻപ് ചിമ്പു മോദിയെക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article