രാഹുലിന്റെ ആ വാക്കുകളും, പിണറായിയുടെ ഈ നീക്കവും; ചെന്നിത്തല കാണാതെ പോയത്!

നവ്യാ വാസുദേവ്

ബുധന്‍, 29 ഓഗസ്റ്റ് 2018 (17:39 IST)
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങുവാഴുമ്പോള്‍ സത്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക ശ്രമകരമാണ്. കേരളം ഇതുവരെ കാണാത്ത മഹാദുരന്തം സംസ്ഥാനത്തെ വേട്ടയാടിയപ്പോള്‍ സമാനമായ സാഹചര്യം ഉടലെടുത്തു.

നേട്ടങ്ങളുടെ നിറവില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സകലതും പ്രളയത്തില്‍ ഒലിച്ചു പോയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് പ്രതിപക്ഷത്തിന് ചെറുതല്ല തിരിച്ചടിയുണ്ടാക്കിയത്.

മഹാപ്രളയത്തില്‍ നിന്നും ജനം കരയ്‌ക്കെത്തിയപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താല്‍പ്പര്യം കാണിച്ചത്. ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് വിലയിരുത്തിയ അദ്ദേഹം പിന്നീട് കാലുമാറി. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാ‍ക്കാന്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന്  കെപിസിസി യോഗത്തില്‍ കെ മുരളീധരനും തിരിവഞ്ചൂര്‍ രാധാകൃഷ്‌ണനും തുറന്നടിച്ചതാണ് അതിനു കാരണം.

യു എ ഇ യുടെ 700 കോടിയുടെ സഹായം കേന്ദ്രത്തിന്റെ പ്രത്യേക നയം മൂലം അകന്നു പോയപ്പോള്‍ ബിജെപിയും ത്രിശങ്കുവിലായി. ഇതോടെ പ്രതിപക്ഷത്തിനൊപ്പം ബിജെപിയും സര്‍ക്കാരിനെതിരെ വാളെടുത്തു.

കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍  സര്‍ക്കാരിനെ കുറ്റപ്പെടുത്താതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രസ്താവനകൾക്കു താൽപര്യമില്ലെന്നും ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനാണു തന്റെ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ ചെന്നിത്തലയുടെ ആരോപണങ്ങള്‍ വെളിച്ചം കാണാതെ പാര്‍ട്ടിയില്‍ തന്നെ കെട്ടടങ്ങി.

പ്രളയം തകര്‍ത്തെറിഞ്ഞ സമൂഹത്തിന് ആരോപണങ്ങളല്ല വേണ്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുലിന്റെ വാക്കുകള്‍. സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിര്‍ണായക സമയത്ത്  കേന്ദ്രത്തെ നോവിക്കാതെ മുന്നോട്ടു പോകുകയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ സ്വീകരിച്ചത്.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ ചെന്നിത്തലയ്‌ക്ക് മറ്റൊരു സന്ദേശമാണ് നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതിജീവനത്തിന് സഹായമാകുന്ന വാക്കുകളാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ പറന്നിറങ്ങിയത്. കഴിയുന്ന സഹായങ്ങളെല്ലാം ജനങ്ങള്‍ക്ക് കോൺഗ്രസ് ചെയ്യുമെന്ന് പറയാനുണ്ടായ കാരണവും അതായിരുന്നു.

ദുരന്തത്തെ കേരളം നേരിട്ട രീതിയെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ശ്രമിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നടക്കം തെറ്റായ പ്രചാരണങ്ങളും വാര്‍ത്തകളും പുറത്തു പോയ സാഹചര്യത്തിലുണ്ടായ ഈ പ്രസ്‌താവന സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.

പാർട്ടിക്കു ചില പരിമിതികൾ ഉണ്ടെങ്കിലും അതിനുള്ളിൽ നിന്ന് കൊണ്ടുള്ള സാഹയങ്ങള്‍ ഉണ്ടാകുമെന്ന് ദുരിതാശ്വാസ ക്യാമ്പിലെ പ്രളയബാധിതരോട് രാഹുല്‍ വ്യക്തമാക്കിയത് മികച്ച നീക്കമായിരുന്നു. വീടു തകർന്നവർക്ക് പുനർനിർമിക്കാനും അത് വാസയോഗ്യമാക്കാനും കോൺഗ്രസ് നേതൃത്വം പരമാവധി സഹായിക്കും. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ചെന്നിത്തല നല്‍കേണ്ട ഉറപ്പുകളായിരുന്നു ഇതെന്ന് ജനം തിരിച്ചറിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍