മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഫെബ്രുവരി 2026 (20:53 IST)
നിലവില്‍ ഓണ്‍ലൈന്‍ മുഖേന മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 24 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 19 വരെ 50,300 അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്. എട്ടാമത് തവണയാണ് ഇപ്രകാരം ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതെന്നും ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ എല്ലാ കുടുംബങ്ങളും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ക്ക് അര്‍ഹമായ റേഷന്‍ വിഹിതം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
 
മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം തുടര്‍ പ്രക്രിയയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിദരിദ്രര്‍ ഉള്‍പ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ തള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് തരം മാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ. പ്രസ്തുത ഒഴിവിലേക്ക് അര്‍ഹരായവരെ ഉള്‍പ്പെടുത്തുകയും ചെയ്തു വരുന്നു. 
 
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടികയില്‍ നിന്നും ഒഴിവാക്കുന്ന കാര്‍ഡുകള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പുവരുത്തുവാന്‍ കൂടിയാണ്. ഈ സര്‍ക്കാര്‍ കാലയളവില്‍ 58,487 എ.എ.വൈ കാര്‍ഡുകളും 54,5348 പി.എച്ച്.എച്ച് കാര്‍ഡുകളുമായി ആകെ 60,3845 കാര്‍ഡുകള്‍ തരം മാറ്റി അനുവദിച്ചിട്ടുണ്ട്. വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ അനര്‍ഹരെ കണ്ടെത്തിയാണ് ഒഴിവുകളിലേക്ക് യഥാസമയം അപേക്ഷ ക്ഷണിക്കുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍