ഫോണിലേക്ക് ഇങ്ങനെയൊരു മെസേജ് വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യരുത്; കേരള പൊലീസിന്റെ അറിയിപ്പ്

രേണുക വേണു

തിങ്കള്‍, 21 ജൂലൈ 2025 (15:33 IST)
Cyber Fraud Alert

മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. എപികെ ഫയലുകള്‍ അയച്ചാണ് പണം തട്ടിപ്പ് നടത്തുന്നത്. ഇത്തരം എപികെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 
 
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ഫോണിലേക്ക് എത്തുന്ന ഇത്തരം apk ഫയലുകളെ സൂക്ഷിക്കണമെന്നും തട്ടിപ്പാണെന്നും കേരള പൊലീസ് അറിയിച്ചു. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നും ഇത്തരം ഫയലുകള്‍ വന്നേക്കാം. ഒരിക്കലും ഇത്തരം  ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അരുത്. 
 
ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും.
 
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍