വെബ്‌സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്തു വ്യാപിക്കുന്നു. മണി പേയ്‌മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. സാങ്കേതികപ്രശ്‌നങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത് യഥാര്‍ഥ കസ്റ്റമര്‍ കെയര്‍കാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും.
ഇതിനിടെ ബാങ്കിങ് സംബന്ധമായ രഹസ്യവിവരങ്ങള്‍ ഇവര്‍ ചോദിച്ചു വാങ്ങും. പണം തിരികെ നല്‍കാന്‍ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരന് കുടുങ്ങും. കസ്റ്റമര്‍ കെയര്‍ ആണെന്നു കരുതി ഭൂരിഭാഗവും പേരും വിവരങ്ങളും കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓണ്‍ലൈന്‍ വഴി സംഘം തട്ടിയെടുക്കും. ആകര്‍ഷകമായ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് ഇതില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പിന്റെ വല വിരിക്കുന്നത്.
ഓണ്‍ലൈന്‍ റീച്ചാര്‍ജിങ്ങിനിടയില്‍ പണം നഷ്ടമായാല്‍ പരാതി നല്‍കാനായി സമീപിക്കുന്ന ഫോറങ്ങള്‍ക്കും വ്യാജനുണ്ട്. ഇവയില്‍ പരാതി നല്‍കുമ്പോള്‍ പണം റീഫണ്ട് ചെയ്യാം എന്ന് മറുപടി നല്‍കും. പണം ലഭിച്ചില്ലെന്നറിയിക്കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ അറിയിക്കും. ഇതും നല്‍കിക്കഴിഞ്ഞാല്‍ ഒ.ടി.പി. ചോദിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതി. ഗൂഗിള്‍ നല്‍കുന്നതെല്ലാം വിശ്വസിക്കരുത്. വ്യാജ വെബ്‌സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ നല്‍കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ വിളിക്കാന്‍ ശ്രമിക്കണം.
ആര്‍ക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണില്‍ ലഭിച്ച സന്ദേശങ്ങളോ അയച്ചു നല്‍കരുത് . ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക. ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ഓര്‍മിക്കുക.