പൊലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്യും, പണം ആവശ്യപ്പെടും; തട്ടിപ്പ് സൂക്ഷിക്കുക, വിളിക്കേണ്ടത് ഈ നമ്പറില്‍
സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ നിര്‍ദേശം. പൊലീസ് യൂണിഫോമില്‍ തട്ടിപ്പുകാര്‍ വീഡിയോ കോള്‍ ചെയ്തു പണം ആവശ്യപ്പെട്ടേക്കാം. എന്നാല്‍ ഒരു കാരണവശാലും പണം അയയ്ക്കരുത്. ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞായിരിക്കും ഈ തട്ടിപ്പുകാര്‍ വിളിക്കുകയെന്നും പൊലീസ് നിര്‍ദേശം നല്‍കി.
അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഈ മെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930 ല്‍ വിളിച്ച് സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
തട്ടിപ്പുകാര്‍ ചിലപ്പോള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോദിച്ചേക്കാം. ഇത്തരം സ്വകാര്യ വിവരങ്ങളും ഒരു കാരണവശാലും പങ്കുവയ്ക്കരുത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ധാരാളം നടക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.