നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് മാത്രം മതിയെന്നും സിവില്‍ നടപടി ക്രമങ്ങള്‍ 137, ഭാരതീയ നാഗരിക സുരക്ഷാ സംഹിത 307, ഭരണഘടനാ അനുഛേദം 348 എന്നിവ ഇതിന് പൂര്‍ണ്ണമായും അനുകൂലമാണെന്നും ജസ്റ്റിസ് . എം.ആര്‍ ഹരിഹരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളും അവരവരുടെ ഭാഷയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ ആയിരുന്ന കാലത്ത് ഉത്തരവുകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും മലയാളത്തിലാക്കിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സര്‍ക്കാര്‍ നിയമ കലാലയ (ഗവ. ലോകോളേജ്) ത്തില്‍ മലയാളഐക്യവേദിയും മിഴാവ് മലയാളം ക്ലബ്ബും സംഘടിപ്പിച്ച മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലാകെ മലയാള ഐക്യവേദിയുടെ നേത്യത്വത്തില്‍ ഫെബ്രു 28 വരെ നടക്കുന്ന മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഗവ. ലോ കോളേജില്‍ മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു. മാതൃഭാഷയാണ് ഓരോ ജനതയുടെയും വീടും നാടും ആകാശവുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിന്ദുമോള്‍ വി.സി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രൊഫ.സ്മിത ജോണ്‍, ഭരത് നായര്‍, വിനോദ്കുമാര്‍ വി ജ്യോത്സ്‌ന എം.എ എന്നിവര്‍ സംസാരിച്ചു.