സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശശി തരൂര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം തരൂര്‍ അറിയിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തരൂര്‍ ആഗ്രഹിക്കുന്നതായും ചില സൂചനകളുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് പ്രകാരം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തരൂര്‍ അന്തിമ തീരുമാനമെടുക്കുക.
തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും സംസ്ഥാന നേതൃനിരയിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. നിലവിലെ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നും കരുതുന്നവരുണ്ട്.
മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും ഭീഷണിയായിരിക്കും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ്. ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോലും തരൂര്‍ സന്നദ്ധനാണ്. എന്നാല്‍ ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാകില്ല. അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാനാണ് തരൂരിന്റെ തീരുമാനം. എങ്കില്‍ മാത്രമേ സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്ക് അവസരം ലഭിക്കൂവെന്ന് തരൂര്‍ വിശ്വസിക്കുന്നു.