മുതിര്‍ന്ന നേതാക്കള്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നതിനാല്‍ യുവനേതാക്കളെ ഒപ്പം ചേര്‍ത്ത് ശക്തി കാണിക്കാനാണ് സതീശന്റെ ശ്രമം. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി.ബല്‍റാം, റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷിയാസ് എന്നിവരാണ് സതീശനൊപ്പം ഉള്ളത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രമുഖ സ്ഥാനം വാഗ്ദാനം ചെയ്താണ് സതീശന്‍ പല യുവനേതാക്കളുടെയും പിന്തുണ ഉറപ്പിക്കുന്നത്.
അതേസമയം സതീശനൊപ്പം രമേശ് ചെന്നിത്തല കൂടി മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ചരടുവലി തുടങ്ങിയ സാഹചര്യത്തില്‍ കെ.സുധാകരന്‍ ഓരോ നീക്കങ്ങളും സൂക്ഷ്മമായാണ് നടത്തുന്നത്. സതീശനോടു വിയോജിപ്പുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും സുധാകരനൊപ്പമാണ്. തനിക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച സുധാകരന്‍ സതീശന്‍ ആ സ്ഥാനത്തേക്ക് എത്തുന്നതിനു തടസങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സതീശനുമായി അത്ര നല്ല ബന്ധത്തിലല്ല കഴിഞ്ഞ കുറേ നാളുകളായി സുധാകരന്‍. സതീശനോ ചെന്നിത്തലയോ എന്ന ചോദ്യം വന്നാല്‍ സുധാകരന്റെ പൂര്‍ണ പിന്തുണ ചെന്നിത്തലയ്ക്കായിരിക്കും.
ഹൈക്കമാന്‍ഡിലുള്ള സ്വാധീനം വെച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കെ.സി.വേണുഗോപാലും ശ്രമിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് സുധാകരനെ മാറ്റരുതെന്ന് ഉറച്ച തീരുമാനമെടുത്തത് വേണുഗോപാലാണ്. സതീശന്റെ അപ്രമാദിത്തം തടയുന്നതിനു വേണ്ടിയായിരുന്നു ആ നീക്കം. ശശി തരൂരിനെതിരെ നടപടിയെടുക്കാത്തതിലും വേണുഗോപാലിനു പങ്കുണ്ട്.