ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

അഭിറാം മനോഹർ

ചൊവ്വ, 22 ജൂലൈ 2025 (18:52 IST)
അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്നും മലയാളിയായ ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും. അന്തര്‍ദേശീയ നാണയനിധിയില്‍ 7 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം.
 
അന്തര്‍ദേശീയ നാണയനിധിയില്‍ 7 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നുവെന്നും അക്കാദമിക് തലങ്ങളിലേക്ക് മടങ്ങുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗീതാ ഗോപിനാഥ് പറഞ്ഞു. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. ഐഎംഎഫിന്റെ ഏറ്റവും ഉന്നത പദവിയിലെത്തിയ ഇന്ത്യക്കാരിയെന്ന നേട്ടത്തോടെയാണ് ഗീതാ ഗോപിനാഥിന്റെ പടിയിറക്കം.
 
 2019ലാണ് ഗീതാ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്നത്. തുടര്‍ന്ന് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കകാലത്ത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും ഗീതാ ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍