പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു. നിലവില്‍ ഇവരെ തട്ടുപ്പു കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ഇവര്‍ക്കെതിരെ വണ്ടന്‍മേട് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ.
അനന്തു കൃഷ്ണന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഷീബ. അനന്തുവുമായി ഇവര്‍ക്ക് ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്. പകുതി വില സബ്‌സിഡി നല്‍കുമെന്നും പകുതി തുക മാത്രം ഗുണഭോക്താവ് അടച്ചാല്‍ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.