കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !

രേണുക വേണു

ചൊവ്വ, 25 ഫെബ്രുവരി 2025 (12:40 IST)
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പൊലീസിനു സൂചന ലഭിച്ചു. അഫാന്‍ ലഹരി ഉപയോഗിച്ചതിനു തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഏതുതരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാകൂ. അഫാന്റെ രക്തസാംപിളുകള്‍ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചു കഴിഞ്ഞാല്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും. പ്രതിയുടെ മാനസികാരോഗ്യനിലയും പരിശോധിക്കും. 
 
അതിക്രൂരമായി ആക്രമിച്ചാണ് അഫാന്‍ സ്വന്തം സഹോദരനെ അടക്കം കൊലപ്പെടുത്തിയത്. പിതൃസഹോദരന്‍ ലത്തീഫിന്റെ നെഞ്ചിനു മുകളില്‍ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ട്. കഴുത്തിലും തലയ്ക്കു പിന്നിലും മുഖത്തും ചുറ്റിക കൊണ്ട് അടിച്ചിട്ടുണ്ട്.
 
കൂട്ടക്കൊലപാതകത്തിന്റെ ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ പ്രതി അഫാന്റെ മാതാവ് ഷമി സംസാരിക്കണം. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഷമി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷമിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അന്വേഷണ സംഘവും. കാരണം ഷമി സംസാരിച്ചു കിട്ടിയാല്‍ മാത്രമേ കൂട്ടക്കൊലപാതക കേസിലെ ദുരൂഹതകള്‍ ഒന്നൊന്നായി നീങ്ങൂ. 
 
കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണു വെഞ്ഞാറമൂട് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അഫാന്‍ (23) ക്രൂരമായി കൊന്നത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഫര്‍സാന. അഫാനും ഫര്‍സാനയും അടുപ്പത്തിലായിരുന്നു. മൂന്നിടങ്ങളിലായാണ് ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. അതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ കുറ്റം ഏറ്റുപറഞ്ഞു. അഫാന്റെ പിതാവ് അബ്ദുള്‍ റഹിം ഇപ്പോള്‍ വിദേശത്താണ്. റഹിം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുക. 
 
പിതാവ് അബ്ദുള്‍ റഹിമിന്റെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുടുംബത്തിലെ സാമ്പത്തിക ബാധ്യതയ്ക്കു വേണ്ടി എന്തിനാണ് പ്രണയിനിയെ കൊലപ്പെടുത്താന്‍ അഫാന്‍ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ ചോദ്യം. 13 വയസ് മാത്രം പ്രായമുള്ള കുഞ്ഞനുജനെ അഫാന്‍ കൊന്നത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ട്. കൂട്ടക്കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍