പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

രേണുക വേണു

തിങ്കള്‍, 28 ഏപ്രില്‍ 2025 (20:51 IST)
അടിപ്പാത നിര്‍മ്മാണ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കളക്ടര്‍ ഉത്തരവിട്ടു.  
 
ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
 
നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തില്‍ തീരുമാനപ്പെടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.
 
ഡീപ് എക്‌സ്‌കവേഷന്‍ നടക്കുന്ന ഭാഗങ്ങളില്‍ സര്‍വീസ് റോഡിന്റെ വശങ്ങളില്‍ മതിയായ സംരക്ഷണ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ലായെന്നും, സര്‍വീസ് റോഡിനരികില്‍ നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ എല്ലാം മാറ്റിയതായി കാണപ്പെടുന്നില്ലായെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെയിന്‍ റോഡുകളില്‍ നിന്ന് സര്‍വ്വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല,  മതിയായ വെളിച്ചം, ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍