ശബരിമല സംരക്ഷണ ഘോഷയാത്ര; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ?

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (11:51 IST)
ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ഗതാഗതം തടസപ്പെടുത്തി ഘോഷയാത്ര നടത്തിയവർക്കെതിരെ സംസ്ഥാനമൊട്ടാകെ പൊലീസ് നടപടി എടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ശബരിമലസംരക്ഷണയാത്രയ്ക്ക് നേതൃത്വം കൊടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു. 
 
എന്നാൽ സംരക്ഷണയാത്രയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ നടനും എംപിയുമായ സുരേഷ് ഗോപിയാണ്. താരത്തെ അറസ്റ്റ് ചെയ്യുമോ എന്ന ചർച്ചകളും ചോദ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
 
ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാക്കളായ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി എംപി എന്നിവർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്.  
 
ഏകദേശം രണ്ടായിരം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അതിൽ അൻപത് പേർ സ്റ്റേഷൻ ജാമ്യത്തിൽ പോയിട്ടുണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തിൽ തൊട്ടുകളിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് സംരക്ഷണയാത്രയിൽ പങ്കെടുത്ത് സുരേഷ്‌ ഗോപി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article