ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം, യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല: മുഖ്യമന്ത്രി

ശനി, 27 ഒക്‌ടോബര്‍ 2018 (10:59 IST)
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണ് സന്ദീപാനന്ദ ഗിരി. യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ഇതിന് മുമ്പും സ്വാമിക്ക് ഭീഷണിയുണ്ടായിരുന്നതായും സൂചനകളുണ്ട്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികൾ തീയിട്ട് നശിപ്പിച്ചു. കൂടാതെ ആശ്രമത്തിന് പുറത്ത് ഒരു റീത്തും വച്ചതിന് ശേഷമാണ് അവർ മടങ്ങിയത്. അയൽക്കാർ വന്ന് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
 
ആക്രണത്തിൽ ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയ്ക്കും താഴമൺ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍