ബോളിവുഡിൽ മീ ടു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്. തനുശ്രീ ദത്ത് ആരംഭിച്ച മീ ടുവിൽ നിരവധിയാളുകളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ ബോളിവുഡിലെ തന്നെ യുവനടിയും ഉണ്ട്. ഷാരൂഖ് ഖാന്‍ നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കരീം മൊറാനിക്കെതിരെയാണ് നടിയുടെ വെളിപ്പെടുത്തൽ.
മൊറാനി പീഡനക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം നടി തുറന്നു പറയും നിർമാതാവിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തതാണ്. കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിക്കുകയും ഈ വർഷം മെയ് 18ന് സുപ്രീം കോടതി അയാൾ ജാമ്യം നൽകുകയും ചെയ്തതാണ്.
സംഭവത്തിൽ ഇരയായ നടി തന്നെ കൂടുതൽ തുറന്നുപറച്ചലുകളുമായിട്ടാണ് മീ ടൂവിന്റെ ഭാഗമായിരിക്കുന്നത്. മദ്യം നല്‍കി ബോധരഹിതയാക്കി ബലാൽസംഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. മാനഭംഗപ്പെടുത്തിയതിന് തന്റെ നഗ്നചിത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.
25കാരിയായ യുവതി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാന്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ മദ്യപിക്കാറില്ല. അയാള്‍ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാൻ എഴുന്നേറ്റത്. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നു. അതുവരെ നടന്നതൊന്നും ഓർമയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവന്‍ പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകളായിരുന്നു അത്‍. മുംബൈയിലാണ് ഇത് നടക്കുന്നത്.’
‘അതെക്കുറിച്ച് മൊറാനിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, അയാളുടെ ആ വ്രത്തികെട്ട ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല.’
‘സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്റൈ നഗ്നചത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. 2015 സെപ്തംബറിൽ അയാൾ എന്നെ വീണ്ടും വിളിച്ചു വരുത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു‘.
‘ഷാരൂഖ് ഖാനും വരുണ്‍ ധവാനും തൊട്ടടുത്ത മുറികളില്‍ ഉണ്ടെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. റാമോജി ഫിലിം സിറ്റിയിൽവച്ചും പീഡിപ്പിച്ചു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ 2017ലാണ് വിവരങ്ങൾ അയാളുടെ ഭാര്യയെയും മകളെയും അറിയിച്ചത്. അതിന് ശേഷമാണ് ഞാൻ പൊലീസിൽ പരാതി നൽകിയത്. പക്ഷേ, അപ്പോഴും ആരും എന്റെ കൂടെ ഉണ്ടായിരുന്നില്ല. പലതവണ നിരവധിയാളുകൾ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു’
ഷാരൂഖ് ഖാനെപ്പോലുള്ള ഒരു താരം മെറാനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തിയും അവര്‍ വ്യക്തമാക്കി.