താങ്ങായി തണലായി ഒരച്ഛൻ! - നീനു, നീ സുരക്ഷിതയാണ് ഈ കൈകളിൽ...

എസ് വർഷ
ബുധന്‍, 30 മെയ് 2018 (11:15 IST)
കോട്ടയത്തെ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിലെ കെവിന്റെ വീട് മൂകമാണ്. കെവിനില്ലാത്ത വീട്. അനിയത്തിക്കും അച്ഛനും അമ്മയ്ക്കും തണലാകേണ്ടിയിരുന്നവൻ ഇന്നില്ല. പ്രണയിച്ച കുറ്റത്തിന് അവനെ അവർ കൊന്നുകളഞ്ഞു. പ്രണയിനിയുടെ അച്ഛന്റേയും സഹോദരന്റേയും ക്രൂരമനസ്സുകൾക്കിടയിൽ കെവിന്റെ ജീവൻ അവസാനിച്ചപ്പോൾ തനിച്ചായത് നീനുവാണ്. അവന്റെ പ്രണയിനി.
 
എന്നാൽ, തന്റെ മകനെ കൊലപ്പെടുത്തിയവരുടെ മകളെ വെറുപ്പോടെ നോക്കാതെ അവളെ കരുണയോടെയും സ്നേഹത്തോടെയും ചേർത്തുപിടിക്കുന്നൊരു അച്ഛനുണ്ട് ആ വീട്ടിൽ. കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ സംസ്കാര ചടങ്ങിനുശേഷം ഭാര്യയെയും മകളേയും മരുമകളേയും ജോസഫ് ചേർത്തുപിടിച്ചിരിക്കുന്ന കാഴ്ച ആരുടെയും ഹ്രദയം നുറുങ്ങും. 
 
സ്വന്തം മകനെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി, ജോസഫ് നീനുവിനെ ചേർത്തുപിടിച്ചിരിക്കുകയാണ്. ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ. ലോകത്തെവിടെ ആയിരുന്നാലും അവൾ ഇത്രത്തോളം സുരക്ഷിതയാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ്, സ്വന്തം വീട്ടുകാർക്കൊപ്പം താനില്ലെന്നും കെവിന്റെ വീട്ടിൽ നിന്നാൽ മതിയെന്നും നീനു പറഞ്ഞത്.
 
കെവിന്റെ ഭാര്യയായി മരണം വരെ ജീവിക്കുമെന്ന നീനുവിന്റെ വാക്കുകൾ ആ വീടിനെ പിടിച്ചുലച്ചു. നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന ജോസഫിന്റെ നിലപാടും കണ്ണീരോടെയാണ് ജനങ്ങൾ കേട്ടത്. അന്യനായ ഒരാളുടെ മകനെ ജാതിയുടെയും മതത്തിന്റേയും സ്റ്റാറ്റസിന്റേയും പേരിൽ കൊന്നു തള്ളിയപ്പോൾ നീനുവിന്റെ മാതാപിതാക്കൾ ചിന്തിച്ചുകാണില്ല അതേ ‘അന്യൻ’ തന്നെയാകും തങ്ങളുടെ മകളെ സംരക്ഷിക്കുകയെന്ന്.    

അനുബന്ധ വാര്‍ത്തകള്‍

Next Article