കെവിൻ ഒരു തുടക്കമല്ല. മലപ്പുറത്തെ ആതിരയ്ക്ക് ജീവൻ നഷ്ടമായത് സ്വന്തം അച്ഛന്റെ ജാതിചിന്ത മൂലമാണ്. അതിനും വർഷങ്ങൾക്ക് മുൻപ് ഇഷ്ടപ്പെട്ട പെൺകുട്ടിയെ ജീവിതത്തിലേയ്ക്ക് കൂട്ടിയ ബാലകൃഷ്ണൻ എന്ന യുവാവിനെ കൊന്നവരെ അടുത്തിടെയാണ് കോടതി ശിക്ഷിച്ചത്. ഇതരസംസ്ഥാനങ്ങളിലെ ജാതിചിന്തകളെ നമ്മൾ പരിഹസിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരൊക്കെ നമുക്കിടയിൽത്തന്നെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ മുഖങ്ങൾ മനസ്സിൽ തെളിയുമ്പോൾ നമുക്കെങ്ങനെ പറയാൻ കഴിയും നമ്മൾ ജാതിവെറിയ്ക്കതീതരാണ് എന്ന്..??
കെവിനെ കൊന്നത് അവരാണെങ്കിലും അവരുടെ കൈകളിലേക്ക് ആ പാവം ചെറുപ്പക്കാരനെ എറിഞ്ഞു കൊടുത്ത നമ്മുടെ പോലീസിനെ എന്ത് വിളിക്കണം നമ്മൾ...?? തന്റെ ഭർത്താവിനെ അക്രമികൾ തട്ടിക്കൊണ്ടുപോയി എന്ന് പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞ പെൺകുട്ടിയോട് "മുഖ്യമന്ത്രിയുടെ ചടങ്ങ് കഴിയട്ടെ, എന്നിട്ട് അന്വേഷിക്കാം" എന്ന് അതീവലാഘവത്തോടെ മറുപടി പറഞ്ഞ പോലീസ് നമ്മുടെ നാട്ടിലെത്താണ്. ക്രമാസമാധാനപാലനത്തിൽ നമ്പർ വൺ എന്ന് നമ്മൾ അഭിമാനിക്കുന്ന നമ്മുടെ നാട്ടിലെ പോലീസ് തന്നെ. അതിനു മുൻപ്, രജിസ്റ്റർ വിവാഹം കഴിച്ച മകളെ കാണാനില്ല എന്ന പിതാവിന്റെ പരാതിയിന്മേൽ മകളെയും ഭർത്താവിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് മകളെ അച്ഛനോടൊപ്പം അയയ്ക്കാൻ ശ്രമിച്ചതും ഇതേ പോലീസാണ്. വീട്ടിലുറങ്ങിക്കിടന്ന ഒരാളെ വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുചെന്നു ചവിട്ടിക്കൊന്ന ക്രൂരത നമ്മൾ മറക്കും മുൻപേ മറ്റൊരു ചെറുപ്പക്കാരനെ വീട്ടിൽ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയ ഗുണ്ടകൾക്ക് വിളക്കുകാണിച്ചുകൊടുക്കാനും ഇവർക്ക് തെല്ലും അറപ്പുണ്ടായില്ല. ഈ പോലീസിനെ വിശ്വസിച്ചാണോ നമ്മൾ വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങേണ്ടത്...?? നമ്മുടെ ഉറ്റവരെ പുറത്തേയ്ക്ക് വിടേണ്ടത്..?? സംസ്ഥാനത്തെ ഏറ്റവും വലിയ ക്വട്ടേഷൻ സംഘമായി മാറിക്കൊണ്ടിരിക്കുന്ന കേരളാ പോലീസിനെ നിലയ്ക്ക് നിർത്താൻ നമ്മൾ ഇനി ആരെ ആശ്രയിക്കും.