ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഞാൻ, ചാനലിലിരുന്ന് ആക്രോശിക്കുന്നവർ വിധികർത്താക്കൾ ആകരുത്: മുഖ്യമന്ത്രി പിണറായി വിജയൻ

ചൊവ്വ, 29 മെയ് 2018 (19:32 IST)
കോട്ടയത്ത് പ്രണയവിവാഹിതരായതിന്റെ പേരിൽ ഭാര്യാവീട്ടുകാർ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 
 
കോട്ടയത്ത് എസ്ഐയ്ക്കു പറ്റിയതു ഗുരുതര വീഴ്ചയാണ്. കേസെടുത്ത് അന്വേഷിക്കുന്നതിൽ എസ് ഐയ്ക്ക് വീഴ്ച പറ്റി. ഇതിൽ എസ് ഐയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവം രാഷ്ട്രീയവത്കരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിൽ പറഞ്ഞു. 
 
പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവർ ഓർക്കണമായിരുന്നു. ജാതിയും മതവും ആണ് കൊലപാതകത്തിന്റെ പ്രധാനകാരണം. ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. തന്നെ തിരഞ്ഞെടുത്തതു ജനങ്ങളാണു ചാനലുകളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
‘തെറ്റായ ഒരു കാര്യത്തിൽ തെറ്റായി നടപടി സ്വീകരിച്ച ആളെ വെള്ളപൂശി പകരം മുഖ്യമന്ത്രിക്ക് എന്തോ ഉത്തരവാദിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം. നിങ്ങളീ പറഞ്ഞ കാര്യങ്ങൾക്കൊന്നും മറുപടി പറയാൻ അറിയാത്ത ആളല്ല ഞാൻ. എത്രയോ തവണ നമ്മൾ തമ്മിൽ മറുപടി പറഞ്ഞിട്ടുള്ളതുമാണ്. അതൊന്നും ഇപ്പോഴും കൈമോശം വന്നുപോയിട്ടില്ല’– മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍