‘അവർ പ്രതികരിക്കില്ല, ആ 300 പേരും അപ്പോൾ അവിടെ ഉണ്ടായിരുന്നു: ജോയ് മാത്യു - പിന്തുണച്ച് സോഷ്യൽ മീഡിയ

ചൊവ്വ, 29 മെയ് 2018 (15:26 IST)
സമൂഹത്തിൽ നടക്കുന്ന എന്ത് പ്രശ്നങ്ങൾക്ക് നേരെയും മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരു താരമാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ. കേരളജനത ഞെട്ടിയ കെവിന്റെ കൊലപാതകത്തിലും ജോയ് മാത്യു പ്രതികരിച്ചിരിക്കുകയാണ്. കെവിൻ മരണപ്പെട്ട സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷപ്രതികരണവുമായി ജോയ് മാത്യൂ രംഗത്തെത്തിയിട്ടുണ്ട്. 
 
പരിഹാസം നിറ‍ഞ്ഞ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെവിന്റെ മരണത്തിൽ ഉത്തരം പറയേണ്ടവർ പലരും മൗനം പാലിക്കുകയാണെന്നു അദ്ദേഹം തുറന്നടിക്കുന്നുണ്ട്. പ്രതികരിച്ചാൽ ചിലപ്പോൾ വിവരമറിയുമെന്നും അദ്ദേഹം പറയുന്നു. 
 
ജോയ് മാത്യുവിന്റെ വാക്കുകൾ:
 
പ്രണയിച്ച് വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ്‌ മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട്‌ പോലീസ്‌ മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുംജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക്‌ പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്‌-( പ്രതികരിച്ചാൽ വിവരമറിയും എന്നത്‌ മറ്റൊരു കാര്യം)
 
ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല. അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു
നമുക്ക്‌ പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്‌?

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍