ബലേനോയോടുള്ള സ്നേഹം ഗ്ലാൻസയോടും കാട്ടി വിപണി, ഇതേവരെ വിറ്റഴിച്ചത് 11,000 യുണിറ്റുകൾ !

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (18:38 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസയെ ഏറ്റെടുത്ത് ഇന്ത്യൻ വാഹന വിപണി. ഇതിനോടകം 11,000 ഗ്ലാൻസ യൂണിറ്റുകളാണ് ടൊയോട്ട വിറ്റഴിച്ചത്. ഏപ്രിൽ മുതലാണ് മാരുതി സുസൂക്കി ടൊയോട്ട കിർലോസ്‌കറിന് ഗ്ലാൻസ കൈമാറി തുടങ്ങിയത്. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്ക് പ്രകാരം 11,499 ഗ്ലാൻസ യൂണിറ്റുകൾ മാരുതി സുസൂക്കി ടൊയോട്ടക്ക് കൈമാറിയിട്ടുണ്ട്. 
 
കഴിഞ്ഞ ജൂണിലാണ് വാഹനത്തെ ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചത്. ബലേനോയിൽനിന്നും വ്യത്യസ്ഥമായി പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഗ്ലാൻസയെ വിപണിയിലെത്തിച്ചത്. 7.22 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. നാലു വേരിയന്റുകളിലാണ് ടൊയോട്ട ഗ്ലാൻസ വിപണിയിൽ എത്തിയിരിക്കുന്നത്. ജിഎംടി, ജിസിവിടി, വിഎംടി, വിസിവിടി എന്നിവയാണ് വാഹനത്തിന്റെ വേരിയന്റുകൾ. 8.90ലക്ഷമാണ് വാഹനത്തിന്റെ ഉയർന്ന വേരിയന്റിന്റെ എക്സ് ഷൊറും വില
 
മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ വാഹനങ്ങളെയും ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കും. എന്നാൽ ഈ വാഹനങ്ങൾ എപ്പോൾ വിപണിയിൽ എത്തും എന്നത് വ്യക്തമല്ല. 
 
1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. ജിഎംടിയിൽ 89.7 പി എസ് കരുത്തും ജിസിവിടിയിലും വിഎം‌ടിയിലും, വിസിവിടിയിലും 82.9 പി എസ് കരുത്തും എഞ്ചിൻ സൃഷ്ടിക്കും 113 എൻ എം ടോർക്കാണ് എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലും, കണ്ടിന്യുവിറ്റി വേരിയബിൾ ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article