സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 മെയ് 2025 (15:37 IST)
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ താപനില 37°C വരെയും; തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   
 
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം ചില ജില്ലകളില്‍ മഴ സാധ്യതയും പറയുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  
 
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 09/05/2025 രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; 09/05/2025 രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട്  മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസറഗോഡ് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍  0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍