കർഷകരെ നിരാശയിലാഴ്‌ത്തി തക്കാളിയുടെ വില കുത്തനെ ഇടിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പിമ്പൽഗാവ് മാർക്കറ്റിൽ ഒരു കിലോ തക്കാളിയുടെ വില 1.50 രൂപയിലേക്ക് ഇടിഞ്ഞു. അതേസമയം കേരളത്തിൽ 20 രൂപയിൽ നിൽക്കുകയാണ്.
കൃഷിയിടങ്ങളിൽ നിന്ന് മാർക്കറ്റിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് പോലും കിട്ടുന്നില്ലെന്ന് കർഷകർ വ്യാപകമായി പരാതിപ്പെടുകയാണ്. ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങൾ ഇല്ലാത്തതു മൂലം കിട്ടുന്ന വിലയ്ക്ക് തക്കാളി വിറ്റ് ഒഴിവാക്കുകയാണ് കർഷകർ ചെയുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തോതിൽ ഉത്പാദനം വർധിച്ചതാണ് കർഷകരെ ഈ ദുരവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. പിമ്പൽഗാവിൽ ഒരു മാസത്തിനിടയിൽ വില മൂന്നിലൊന്നായി കുറഞ്ഞു. വിളവ് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകരെന്ന് ഇവിടത്തെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി ഡയറക്ടർ അതുൽ ഷാ പറഞ്ഞു.