എടിഎമ്മിൽ പണമില്ലേ? എങ്കിൽ ബാങ്കുകൾ ഇനി പിഴയടക്കണം

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (21:11 IST)
അത്യാവശ്യകാര്യങ്ങൾക്കായി എ‌ടിഎമ്മിൽ ചെല്ലുകയും പണമില്ലാതെ മടങ്ങേണ്ടിവരുന്നതും ബാങ്ക് ഉപഭോക്താക്കൾക്ക് എന്നുമുള്ള പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ഒരു പുതിയ ഉത്തരവാണിപ്പോൾ ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ആർബിഐയുടെ പുതിയ ഉത്തരവ് പ്രകാരം ഇനി മുതൽ എ‌ടിഎമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾ പിഴ നൽകേണ്ടി വരും.
 
2021 ഒക്‌ടോബർ ഒന്ന് മുതലാണ് പുതിയ നിയമം നിലവിൽ വരിക. എ.ടി.എമ്മുകളിൽ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ, ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് ആർബിഐ നീങ്ങിയത്.
 
ഇതോടെ എടിഎമ്മുകളിൽ പണം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാകും. അലംഭാവം കാണിച്ചാൽ പിഴയടക്കമുള്ള നടപടികൾ ഉള്ളതിനാൽ തന്നെ പണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ഉത്തരവ് സഹായിക്കും. ഒരു മാസത്തിൽ 10 മണിക്കൂറിലധികം സമയം എ.ടി.എമ്മുകളിൽ പണം ഇല്ലാതിരുന്നാൽ ബാങ്കുകൾക്ക് മേൽ പതിനായിരം രൂപയാണ് പിഴയിനത്തിൽ ഈടാക്കുക.
 
എ.ടി.എമ്മുകളിൽ പണം ഇല്ലാതായാൽ ഉടനെതന്നെ സിസ്റ്റം ജനറേറ്റഡ് മെസ്സേജ് ഉത്തരവാദിത്തപ്പെട്ടവർക്ക് ലഭ്യമാക്കുന്ന തരത്തിൽ സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് റിസർവ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article