മുക്കുപണ്ടം തട്ടിപ്പ്: ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ
തളിപ്പറമ്പ്: മുക്കുപണ്ടം തട്ടിപ്പ് വിവരം പുറത്തുവന്നതിനിടെ തൊട്ടുപിന്നാലെ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹത. തളിപ്പറമ്പിലെ പഞ്ചാബ് നാഷണൽ ബാങ്കിലെ അപ്രൈസറുടെ മൃതദേഹമാണ് കാണപ്പെട്ടത്.
ബാങ്ക് അപ്രൈസറായ ടി.വി.രമേശ് തട്ടിപ്പു പുറത്ത് വന്നതിനെ തുടർന്ന് ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം തൃച്ചമ്പരം എസ്.എൻ.ഡി.പി മന്ദിരത്തിനടുത്തെ സ്വന്തം വീട്ടിനു സമീപത്തുള്ള ആൾ താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാവാം എന്നാണു പ്രാഥമിക നിഗമനം.
ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യ ഘട്ടത്തിൽ ബാങ്ക് അധികാരികൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. പിന്നീട് ഇത് 45 ലക്ഷം രൂപയുടേത് എന്നായി മാറ്റിയിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹമാണ് കഴിഞ്ഞ ദിവസം അഗ്നിശമന സേനയുടെ സഹായത്താൽ പോലീസ് പുറത്തെടുത്തത്. മൃതദേഹം പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.