വൈദ്യുത വാഹന വിഭാഗത്തിൽ ഏറ്റവും വലിയ വിജയം വരിച്ച മോഡൽ നിസ്സാൻ ‘ലീഫ്’ ഇന്ത്യയിലേക്ക് !

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (12:38 IST)
തങ്ങളുടെ വൈദ്യുത കാര്‍ ‘ലീഫ്’ ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കാന്‍ നിസ്സാൻ മോട്ടോർ കമ്പനി ഒരുങ്ങുന്നു. 2018ല്‍ ഈ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലും അതിനു മുമ്പ്  ‘നിസ്സാൻ കാർണിവലി’ന്റെ ഭാഗമായും ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്തു തന്നെ ഈ കാ‍ര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.    

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഫെയിം’ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചിട്ടുണ്ടെങ്കിലും ‘ലീഫ്’ പോലെ പൂർണമായും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുത കാറിന് ഏകദേശം 35 ലക്ഷം രൂപയോളമാകും വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ലീഫ്’കൂടി എത്തുന്നതോടെ നിസ്സാന്റെ ഇന്ത്യൻ ശ്രേണിയിൽ ‘ജി ടി ആറും’ ‘എക്സ് ട്രെയ്ലു’മടക്കം ആറു മോഡലുകള്‍ ഉണ്ടാകും.

2016 സെപ്റ്റംബർ വരെ ലോകത്താകമാനം 2,39,000 യൂണിറ്റിന്റെ വിൽപ്പന കരസ്ഥമാക്കാന്‍ ‘ലീഫി’നു കഴിഞ്ഞു. വൈദ്യുത വാഹന വിഭാഗത്തിൽ ഏറ്റവും വലിയ വിജയം കൈവരിച്ച മോഡൽ എന്ന പേരും ‘ലീഫി’നു സ്വന്തമാണ്. ഇന്ത്യയിൽ നിലവിൽ മഹീന്ദ്ര ‘ഇ ടു ഒ’യും ‘ഇ വെരിറ്റോ’യും മാത്രമാണു വൈദ്യുത വാഹന വിഭാഗത്തിൽ വിൽപ്പയ്ക്കുള്ള രണ്ട് കാർ മോഡലുകൾ. ഈ ശ്രേണിയിലേക്കാണു മൂന്നാമനായി ‘ലീഫ്’വരുന്നത്.

പരമ്പരാഗതമായ എൻജിനു പകരമായി 107 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ കഴിയുന്ന വൈദ്യുത മോട്ടറാണു ‘ലീഫി’നുള്ളത്. കൂടാതെ കാബിനിൽ സൂക്ഷിച്ച ലിതിയം അയോൺ ബാറ്ററി കാറിനു കരുത്തേകും. എട്ടു മണിക്കൂറിൽ പൂർണ ചാർജ് നേടുന്ന ബാറ്ററിക്ക് പരമാവധി 160 കിലോമീറ്റർ വരെ പിന്നിടാന്‍ കഴിയും. അതുപോലെ റീജനറേറ്റീവ് ബ്രേക്കുകളുടെ പിൻബലത്തോടെ യാത്രാപരിധി ദീർഘിപ്പിക്കുന്നതിനും ‘ലീഫി’നു സാധിക്കും.
Next Article