മോദി പിന്തുടരുന്നത് ജനതാസർക്കാരിന്റെ നയം; 38 വർഷം മുമ്പ് ഇന്ത്യയിൽ 5000, 10000 നോട്ടുകൾ ഉണ്ടായിരുന്നു!

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (12:26 IST)
500, 1000 രൂപയുടെ കറൻസി നോട്ടുക‌ൾ പിൻവലിച്ചതാണ് ഇന്ത്യയിലെ ഇന്നത്തെ പ്രധാന വാർത്ത. ചൊവ്വാഴ്ച അർധരാത്രി മുതൽ ആയിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവായി. വ്യാജനോട്ടുകൾ തടയാനുള്ള ലക്ഷ്യമാണിതെന്ന് പ്രധാ‌നമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതാദ്യമായല്ല ഇന്ത്യ കറൻസി പിൻവലിക്കുന്നത് എന്നത് സത്യം. 1978ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി സർക്കാർ ആയിരുന്നു ഇതിനു മുൻപ് കറൻസികൾ പിൻ‌വലിച്ചത്.
 
കള്ളനോട്ടുകളും കള്ളപ്പണവും തടയുക എന്നത് തന്നെയായിരുന്നു ജനതാപാർട്ടി സർക്കാരിന്റെ ലക്ഷ്യവും. ഇക്കാര്യത്തിൽ മൊറാർജി സർക്കാരിന്റെ പാത പിന്തുടരുകയാണ് മോദിയെന്ന് വ്യക്തം. ഒരു വ്യത്യാസം മാത്രം, അന്ന് 1000, 5000, 10,000 രൂപ കറൻസികളാണ് പിൻവ‌ലിച്ചതെങ്കിൽ ഇന്നത് 500, 1000 എന്നായി. വർഷങ്ങൾക്ക് ഇതിൽ 1000 രൂപ നോട്ട് മാത്രം തിരിച്ചെത്തി.
 
ജനവരി 16-ന് കാബിനറ്റ് യോഗത്തിനുശേഷമായിരുന്നു രാത്രി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി പ്രഖ്യാപനം നടത്തിയത്. പിറ്റേ ദിവസം ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, വലിയ നോട്ടുകൾ പിൻവലിച്ചത് സാധാരണ ജനങ്ങളെ ബാധിച്ചിരുന്നില്ല. മുംബൈയില്‍ കള്ളപ്പണക്കാര്‍ 1000 രൂപാനോട്ടുകള്‍ 500 രൂപയ്ക്ക് വിറ്റഴിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Next Article