എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 നവം‌ബര്‍ 2024 (19:28 IST)
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ നിലപാട് പാര്‍ട്ടിക്ക് ഉണ്ടെന്നും സിബിഐ കൂട്ടിലടച്ച് തത്തയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പോയിട്ടുണ്ട്, ഇനി കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെയെന്നും അതില്‍ പാര്‍ട്ടിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 
 
സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനം എന്ന് പറയുന്നത് തങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇന്നും ഇന്നലെയും ഇനി നാളെയും അത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാടും തേടിയിട്ടുണ്ട്. വിശദമായ വാദം അടുത്തമാസം ഒന്‍പതിന് കേള്‍ക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 
 
ജസ്റ്റിസ് ബെച്ചു കുരിയന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. എഡിഎമ്മിന്റെ മരണം കൊലപാതകം ആണോയെന്ന് സംശയമുണ്ടെന്നും ആരെങ്കിലും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സാധ്യത പരിശോധിച്ചില്ലെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ കുടുംബം ആരോപിക്കുന്നത്.
 
കുടുംബം എത്തുന്നതിനു മുന്‍പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നുവെന്നും അതുണ്ടായില്ലെന്നും പറയുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍