ബി എം ഡബ്ല്യൂ എക്‌സ് 6ന് വെല്ലുവിളി ഉയര്‍ത്താന്‍ മഹീന്ദ്ര എത്തുന്നു; പുതിയ എസ് യു വി എയ്റോയുമായി

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (10:19 IST)
എയ്റോ കൺസെപ്റ്റിന്റെ പ്രൊ‍ഡക്‌ഷൻ മോഡലുമായി മഹീന്ദ്ര എത്തുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എയ്റോയുടെ പ്രൊ‍ഡക്‌ഷൻ മോഡൽ പുറത്തിറക്കുമെന്നാണു സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം പ്രധര്‍ശിപ്പിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെയാണ് എയ്റോയുടെ രൂപ കല്പന.
 
മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിന്‍ തന്നെയാണ് വാഹനത്തിനു കരുത്തേകുന്നത്. 210 ബി എച്ച് പി കരുത്തുള്ള ഈ എന്‍ജിന് ആറ് സെക്കന്‍ഡുകള്‍ക്കകം 60 കിലോമീറ്റർ വേഗമാര്‍ജിക്കാന്‍ സാധിക്കും. അത്യാഡംബരത്തോടെയുള്ള ഇന്റീരിയറും എയ്റോയുടെ സവിശേഷതയാണ്. മൂന്നു ഡോറുകളോടു കൂടിയ കൺസെപ്റ്റാണ് എയ്റോയ്ക്കുള്ളത്. 
 
റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിങ്ങനെയുള്ള ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ വാഹനമാണ് എയ്റോ. ബി എം ഡബ്ല്യൂ എക്‌സ് 6, മെഴ്‌സിഡസ് ബെൻസ് ജി.എല്‍.ഇ കൂപെ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ എതിരാളികള്‍.
Next Article