പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

അഭിറാം മനോഹർ

ബുധന്‍, 23 ഏപ്രില്‍ 2025 (15:36 IST)
പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനാകും.ജൂലൈ ഒന്നിനകം ബാങ്കുകള്‍ പുതിയ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് നിര്‍ദേശം. കുട്ടിയുടെ അമ്മയെയും ഇതിനായി രക്ഷിതാവായി പരിഗണിക്കും.
 
 10 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. സേവിങ്ങ്‌സ് അക്കൗണ്ടിന് പുറമെ സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും തടസമില്ല. പണമിടപാട് പരിധി, പ്രായം എന്നിവയില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പ്രായപൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം. കുട്ടിക്ക് ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നല്‍കാം. മൈനര്‍ അക്കൗണ്ടുകളില്‍ നിന്നും അമിതമായി പണം പിന്‍വലിക്കുന്നില്ലെന്നും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്നും ബാങ്കുകള്‍ ഉറപ്പാക്കണം, കെവൈസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ കെവൈസി അപ്‌ഡേറ്റുകള്‍ നടക്കുന്നുവെന്നും ബാങ്കുകള്‍ ഉറപ്പാക്കണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍