അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ ആടിയുലഞ്ഞ് ഓഹരിവിപണികള്‍. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ഭീതി അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഉണ്ടായതാണ് ആഗോളതലത്തിലുള്ള ഓഹരിവിപണികളെ ബാധിച്ചത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തിക്കൊണ്ട് ചൈനയും തിരിച്ചടിച്ചതാണ് ആശങ്കകള്‍ ഉയര്‍ത്തിയത്.
രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. നിഫ്റ്റിയാകട്ടെ 21,800 എന്ന ലെവലിന് താഴേക്ക് വീഴുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകളില്‍ 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. നിമിഷനേരം കൊണ്ട് 19 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 7 ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഐടി,ഓട്ടോ, എനര്‍ജി, റിയാല്‍റ്റി എന്നിവയ്ക്കും കനത്ത തിരിച്ചടിയുണ്ടായി. 4-5 ശതമാനം വരെയാണ് ഇടിവ്.