പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം. നാല് ഭീകരരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം അഭ്യര്‍ത്ഥിച്ചു. 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരില്‍ 2 പ്രദേശവാസികള്‍ ഉള്‍പ്പെടെ ആറ് പേരാണുള്ളത്. കൂട്ടക്കൊലക്ക് ശേഷം രക്ഷപ്പെട്ട ഭീകരാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണ് പുറത്തുവന്നത്. പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആക്രമണം ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന ഇന്ത്യയ്‌ക്കെതിരായ കലാപങ്ങളുടെ ഭാഗമാണെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പാക്കിസ്ഥാന്റെ ലൈവ് 92 വാര്‍ത്താ ചാനലില്‍ അഭിമുഖം നല്‍കവെയാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍ രംഗത്തെത്തി. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.