കവാസാക്കി വേര്‍സിസ് 650 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ച ഈ കരുത്തന്റെ വിതരണം വരും ആഴ്ചകളില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 6.50 ലക്ഷം രൂപയാണ് കവാസാക്കി വേര്‍സിസ് 650 യുടെ എക്‌സ്‌ഷോറൂം വില.
2017 പതിപ്പില്‍ നിന്നും ഏറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് 2018 വേര്‍സിസും എത്തുന്നത്. പുതിയ ഗ്രാഫിക്‌സ് മാത്രമാണ് എടുത്ത പറയാവുന്ന പ്രധാന അപ്‌ഡേറ്റ്. പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവാസാക്കി അതേപടി ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്.
ക്രമീകരിക്കാന്‍ കഴിയുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 അഡ്വഞ്ചര്‍ ടൂററില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനില്‍ തന്നെയാണ് 2018 കവാസാക്കി വേര്‍സിസും എത്തുന്നത്.
8,500 ആര്‍പിഎമ്മില്‍ 68 ബി എച്ച് പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 64 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അണിനിരക്കുന്നത്.