Z1000, Z1000 R എഡിഷന്‍, Z250 സ്ട്രീറ്റ്; മൂന്ന് കരുത്തന്‍ ബൈക്കുകളുമായി കാവാസാക്കി

തിങ്കള്‍, 24 ഏപ്രില്‍ 2017 (10:03 IST)
കവാസാക്കിയുടെ മൂന്ന് തകര്‍പ്പന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. Z1000, Z1000 R സ്പെഷ്യല്‍ എഡിഷന്‍, എന്‍ട്രി ലെവല്‍ മോഡലായ Z 250 സ്ട്രീറ്റ് ബൈക്ക് എന്നിവയാണ് അവതരിപ്പിച്ചത്. Z1000 മോഡലിന് 14.49 ലക്ഷം രൂപയും Z1000 R സ്പെഷ്യല്‍ എഡിഷന് 15.49 ലക്ഷം രൂപയും Z 250 സ്ട്രീറ്റ് ബൈക്കിന് 3.09 ലക്ഷം രൂപയുമാണ് ഷോറൂമിലെ വില. 
 
10000 ആര്‍ പി എമ്മില്‍ 140 ബി എച്ച് പി കരുത്തും 7300 ആര്‍പി‌എമ്മില്‍ 111 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1043 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് കവാസാക്കി Z1000 ന് കരുത്തേകുന്നത്. ബിഎസ് IV, യൂറോ IV എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. പുതിയ ഇവാപറേറ്റര്‍ സിസ്റ്റം, പ്രീ കാറ്റലൈസറുകള്‍ എന്നീ ഫീച്ചറുകളും 6 സ്പീഡ് ഗിയര്‍ബോക്‌സും ബൈക്കിലുണ്ട്.
 
അഞ്ച് രീതിയില ക്രമീകരിക്കാവുന്ന ക്ലച്ച് ലിവര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നീ ശ്രദ്ധേയമായ ഫീച്ചറുകളും ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‍. ഗോള്‍ഡന്‍ ബ്ലെയ്‌സ്ഡ് ഗ്രീന്‍, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്നീ രണ്ട് കളര്‍ വകഭേദങ്ങളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്
 
എന്നാല്‍ 2017ലെ ഓട്ടോ വിപണിയിലേക്കുള്ള കവാസാക്കിയുടെ സംഭാവനയാണ് Z1000 R എഡിഷന്‍. 310 എംഎം ബ്രെംബോ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്രേക്കുകള്‍, ബ്രെംബോ M50 മോണോബ്ലോക് കാലിപ്പറുകള്‍ എന്നിവയാണ് ഈ മോഡലിന്റെ പ്രധാനസവിശേഷത. 250 എംഎം സിംഗിള്‍ ഡിസ്‌ക് യൂണിറ്റാണ് കവാസാക്കി Z1000 Rഎഡിഷന്റെ റിയര്‍ ബ്രേക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ഗ്രീന്‍-യെല്ലോ ഗ്രാഫിക്‌സില്‍ എത്തുന്ന ഈ എഡിഷന്റെ സീറ്റില്‍ R എന്ന ലോഗോയും കവാസാക്കി നല്‍കിയിട്ടുണ്ട്. മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രെയ്, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് R എഡിഷന്‍ ലഭ്യമാകുക.
 
249 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് Z250 സ്ട്രീറ്റ് ബൈക്കിന് കരുത്തേകുന്നത്. 32 ബി എച്ച് പി കരുത്തും 21 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓറഞ്ച്, ഗ്രെയ് എന്നിങ്ങനെയുള്ള രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് കവാസാക്കി Z250 വിപണിയിലെത്തുക.    

വെബ്ദുനിയ വായിക്കുക