യുഎസ് സംസ്ഥാനമായ ടെക്‌സാസിലെ മധ്യ- തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്ര മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരിച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കനത്ത പേമാരിയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഗ്വാഡലൂപ് നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടി ഉയരുകയായിരുന്നു.
കുത്തിയൊഴുകുന്ന പ്രളയജലത്തില്‍ സമ്മര്‍ക്യാമ്പിന്റെ ക്യാബിനുകള്‍ ഒഴുകിപോയതാണ് മരണസംഖ്യ ഉയരാന്‍ കാരനം. ഒഴുക്കില്‍ ക്യാബിനില്‍ നിന്നും ആളുകള്‍ നിലവിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളെ പറ്റിയുള്ള വിവരം ലഭിക്കുന്നതിനായി ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും രക്ഷിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് ടെക്‌സാസിലെ സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയിരുന്നു. മഴ കനത്തത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. പ്രളയം ഭയപ്പെടുത്തുന്നതാണെന്നും പ്രളയബാധിതര്‍ക്ക് സഹായം നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.