വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 7 ദിവസം മുന്‍പ് തന്നെ കേരളത്തിന് പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
	 
	 വയനാട് ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. എന്തുകൊണ്ടാണ് മുന്നറിയിപ്പ് അവഗണിച്ചതെന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു. ദുരന്തത്തില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. കേരളമടക്കം പ്രളയസാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് 20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനും പ്രളയത്തിനും സാധ്യതയുള്ളതായി ജൂലൈ 23ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
	 
	 ജൂലൈ 24,25,26 തീയ്യതികളിലും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഈ മുന്നറിയിപ്പുണ്ട്. ചിലര്‍ ഇന്ത്യന്‍ സൈറ്റുകള്‍ നോക്കില്ല, വിദേശ സൈറ്റുകള്‍ മാത്രമെ പരിഗണിക്കു. സാഹചര്യം കണക്കിലെടുത്ത് കേരളത്തിലേക്ക് എന്‍ഡിആര്‍എഫിന്റെ 9 ബറ്റാലിയനുകളെ ജൂലൈ 23ന് തന്നെ അയച്ചിരുന്നുവെന്നും വാക്ക്‌പോരിനുള്ള സമയമല്ല ഇതെന്നും ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഷാ പറഞ്ഞു.