ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം
രാജ്യത്ത് ജനസംഖ്യയില്‍ കനത്ത ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവചിലവിനും ശിശുപരിപാലനത്തിനുമായി ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര നയം പ്രഖ്യാപിച്ച് റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളിലാണ് പുതിയ നയം കൊണ്ടുവന്നത്. ജനസംഖ്യ വര്‍ധനവിനായി ഏന്ത് നയവും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.
അന്ന് മുതിര്‍ന്ന സ്ത്രീകള്‍ക്ക് മാത്രമായി പ്രഖ്യാപിച്ച വാഗ്ദാനമാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയത്. 2023ലെ കണക്ക് പ്രകാരം റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്പാദന നിരക്ക് 1.41 ആണ്. ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ 2.05 എങ്കിലും പ്രത്യുല്പാദന നിരക്ക് ആവശ്യമാണ്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചവരുടെയും നാട് വിട്ടവരുടെയും കണക്കുകള്‍ ജനസംഖ്യ കുറയാന്‍ കാരണമാകുമെന്നതിനാല്‍ റഷ്യ ഗര്‍ഭഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.