മോഷണം പോയ പഴ്സ് തിരികെ കിട്ടി; 23 വര്‍ഷം കഴിഞ്ഞ്!

Webdunia
ശനി, 27 ഏപ്രില്‍ 2013 (16:53 IST)
PRO
ജെറി കോക്സ് അന്നൊരു യുവതിയായിരുന്നു, രണ്ട് ഓഫീസുകളില്‍ ഓടി നടന്ന് ജോലി ചെയ്തിരുന്ന ആ ചുറുചുറുക്കുള്ള ആ യുവതിക്ക് തന്റെ പ്രിയപ്പെട്ട നീല നിറമുള്ള മണി പഴ്സ്സ് നഷ്ടപ്പെട്ടു.

1990 ല്‍ നോര്‍ത്ത് കരോളിനയിലെ ഡോക്ടര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുമ്പോഴാണ് ചായ കുടിക്കാന്‍ പോയപ്പോഴേക്കും പഴ്സും കൊണ്ട് കള്ളന്‍ പോയത്.

പണത്തേക്കാളേറെ ജെറിയെ ടെന്‍ഷനടിപ്പിച്ചത് വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതാണ്. ഏകമകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും നഷ്ടപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ വളരെ കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചക്ക് മുന്‍പാണ് പൊലീസില്‍ നിന്ന് പഴ്സ് ലഭിച്ചെന്ന അറിയിപ്പുമായി ഒരു കോള്‍ വരുന്നത്.

ജെറി സ്റ്റേഷനിലെത്തി പഴ്സ് കൈപ്പറ്റുകയും ചെയ്തു. കളര്‍ മങ്ങിയിട്ടുണ്ടെങ്കിലും പഴ്സിനു ഒരു കേടുപാ‍ടും പറ്റിയിരുന്നില്ല. അതിലെ രേഖകളും ഫോട്ടോഗ്രാഫും ഭദ്രമായിരുന്നു.

മുന്‍പ് ഓഫീസുണ്ടായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുമാണ് പഴ്സ് കിട്ടിയതെന്നറിഞ്ഞ് ഓഫീസിലെ ഇപ്പോഴത്തെ താമസക്കാരനെത്തേടിയെത്തിയ ജെറി വീണ്ടും ഞെട്ടി. കാരണം ഉടമസ്ഥന് കിട്ടുന്ന രണ്ടാമത്തെ പഴ്സാണിത്.

ഓഫീസിലുണ്ടായിരുന്ന ആരോ ആയിരുന്നു പഴ്സ് കള്ളനെന്ന് ജെറി ഉറച്ച് വിശ്വസിക്കുന്നു.