ബൊമ്മകളെ അടിവസ്ത്രത്തില്‍ നിര്‍ത്തരുത്!

Webdunia
വെള്ളി, 31 മെയ് 2013 (15:12 IST)
PRO
ഒരു ബൊമ്മയെപ്പോലും വെറുതെ വിടാത്തവരുണ്ടത്രെ. മുംബൈ കോര്‍പ്പറേഷനിലാണ് അടിവസ്ത്ര പരസ്യങ്ങളും തുണിക്കടകളില്‍ നിരത്തുന്ന ബൊമ്മകളുടെ വേഷങ്ങളും വിവാദത്തിലാ‍യത്‍. ബൊമ്മകളുടെ വേഷം ബലാത്സംഗങ്ങള്‍ക്കു പോലും പ്രകോപനമാകുന്നുണ്ടെന്ന് ചില സംഘടനകളാണു കണ്ടെത്തിയത്‌.

വനിതകളുടെ അടിവസ്ത്രം ധരിച്ച ഫൈബര്‍ പ്രതിമകള്‍ തുണിക്കടകളില്‍ വയ്ക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ അടിവസ്ത്ര പരസ്യങ്ങള്‍ നിരോധിക്കാന്‍ ബ്രഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇത്തരം പരസ്യങ്ങള്‍ ഇടയാക്കുന്നുവെന്നാരോപിച്ചാണു നടപടി. ദൃശ്യ-അച്ചടി മാധ്യമങ്ങളിലും ബില്‍ബോര്‍ഡ് അടക്കമുള്ളവയിലും ഇത്തരം പരസ്യങ്ങള്‍ കാണിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചില കടകള്‍ക്കു മുന്നില്‍ സ്‌ഥാപിച്ച ബൊമ്മകള്‍ വാഹനാപകടത്തിനുവരെ കാരണമായതായാണ്‌ ആരോപണം. കട ഉടമകള്‍ പരസ്യമായി ബൊമ്മകളുടെ വേഷം മാറുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഇത്തരം നടപടി സ്‌ത്രീകളോടുള്ള അവഹേളനമാണെന്നു സാമൂഹിക പ്രവര്‍ത്തക റിതു താവഡെ പറഞ്ഞു.

ഒരു കടയില്‍ വസ്‌ത്രങ്ങളില്ലാതെ പുരുഷ ബൊമ്മ പ്രദര്‍ശിപ്പിക്കുന്നതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. എന്തായാലും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണു ബി എം സി അധ്യക്ഷന്‍ സീതാറാം കുന്‍തേ നല്‍കുന്ന ഉറപ്പ്‌.