സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (08:17 IST)
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഒപ്പുവച്ച നികുതി കരാര്‍പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണം എന്ന് വ്യവസ്ഥയുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കരുടെ അനധികൃത നിക്ഷേപങ്ങൾ വെളിപ്പെടുത്താനും ധനമന്ത്രാലയം തയ്യാറായില്ല.
 
വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ധനമന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കരാറിന്റെ ലംഘനമാവും. വിദേശ രാജ്യങ്ങളിൽനിന്നും ലഭിക്കുന്ന നികുതി സംബന്ധമായ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണ്. 
 
വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യത്തിനുമെതിരാണ്. ഇത്തരം കാര്യങ്ങൾ അതത് കരാറുകളുടെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് വ്യവസ്ഥ. പിടിഐ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറുപടി. 
 
ഇന്ത്യയും സ്വിറ്റ്സ്‌സർലൻഡും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ കഴിഞ്ഞ സെപ്തംബറില്‍ സ്വിറ്റ്‌സര്‍ലന്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. നിക്ഷേപകരുടെ പേര് വിവരം, മേല്‍വിലാസം, നിക്ഷേപക തുക, വരുമാനം എന്നിവയാണ് സ്വിസ് ഗവൺമെന്റ് ഇന്ത്യക്ക് കൈമാറിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article