ഒളിമ്പിക്‌സ് ബാഡ്‌മിന്റണില്‍ മെഡല്‍ ഉറപ്പിച്ച പിവി സിന്ധു ഫൈനലില്‍ ഇറങ്ങുമ്പോള്‍ സ്വര്‍ണ മെഡല്‍ ആണ് ഇന്ത്യ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നത്. ജപ്പാന്റെ നൊസോമി ഒകുഹാരയോട് ഒരു ദയയും കാട്ടാതെ ഫൈനലിലെത്തിയ ഇന്ത്യന്‍ താരത്തെ കാത്തിരിക്കുന്ന സ്‌പെയിനിന്റെ കരോലിനാ മാരിന്‍ എന്ന ലോക ഒന്നാം നമ്പർ താരമാണ്.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം സൈന നെഹാവാള്‍ ഏറ്റവും അധികം ഭയപ്പെടുന്ന എതിരാളിയും തോല്‍വികള്‍ സമ്മാനിക്കുന്ന താരവുമാണ് കരോലിനാ മാരിന്‍. പതിനാറാം വയസില്‍ ഐറിഷ് ഇന്റര്‍നാഷണലില്‍ കിരീടം നേടിയതിന് പിന്നാലെ 2011ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ ജൂനിയേഴ്‌സിലും കിരീടം നേടിയതോടെയാണ് മാരിന്‍ ലോകം അറിയുന്ന താരമായത്.
2014ലും 2015ലും ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയ കരോലിനാ ചൈനീസ് ആധിപത്യം തകര്‍ത്താണ് ബാഡ്മിന്റണ്‍ ലോകം കീഴടക്കിയത്. ബാഡ്മിന്റണില്‍ 2013ല്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തി മാരിന്‍ സീനിയര്‍ തലത്തിലേക്കുള്ള വരവറിയിച്ചു. 2014ല്‍ തന്നെ ലോകചാമ്പ്യനാവുന്ന ആദ്യ സ്പാനിഷ് താരമെന്ന റെക്കോര്‍ഡും മൂന്നാമത്തെ യൂറോപ്യന്‍ താരമെന്ന നേട്ടവും കരോലിനാ സ്വന്തമായി.
ഇത്തവണ റിയോയില്‍ എത്തിയ മാരിന് ഒരു ആഗ്രഹമുണ്ട്. ഒളിമ്പിക്‍സില്‍ ഇതുവരെ ഒരു മെഡൽ സ്വന്തമാക്കാൻ സാധിക്കാത്തതിന്റെ നിരാശ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മാരിനുള്ളത്. സെമിയിൽ നിലവിലെ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ലി സ്വേറൂയിയെ തോൽപ്പിച്ച മാരിന്‍ തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്‌തു.
ഏഴു മൽസരങ്ങളിൽ സിന്ധുവും മാരിനും നേർക്കുനേർ വന്നിട്ടുണ്ട്. നേരിയ മുൻതൂക്കം മാരിന് സ്വന്തമാണെങ്കിലും റിയോയില്‍ ഒരു വിട്ടു വീഴ്‌ചയ്‌ക്കും ഒരുക്കമല്ലെന്നാണ് ഇന്ത്യന്‍ താരം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മാരിനെക്കാള്‍ ഫോമിലാണ് സിന്ധു. എന്നാല്‍, എതിരാളികളെ ഏതു നിമിഷവും പരാജയപ്പെടുത്താന്‍ അപാരമായ കഴിവുള്ള താരമാണ് ഈ സ്‌പാനിഷ് എതിരാളി.